ഇയാളെ ഏറ്റുമാനൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്
കോട്ടയം അതിരമ്പുഴയിൽ കാപ്പാ നിയമലംഘനത്തിന് കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ .കോട്ടമുറി സ്വദേശി ആൽബിൻ കെ ബോബൻ എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍ നിന്നും പൊലീസ് പിടികൂടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കോട്ടയത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കറുകച്ചാലിൽ 'ചട്ടിയും തവിയും' എന്ന ഹോട്ടൽ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി എന്നതാണ്. ഹോട്ടലിന്‍റെ സഹ ഉടമയായ, ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭർത്താവ് റെജിയുമാണ് കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പൊലീസിന്‍റെ പിടിയിലായത്. ഈ മാസം 15നാണ് ഹോട്ടല്‍ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലില്‍ ജീവനക്കാരനായ ജോസ് കെ തോമസ് കത്തി കൊണ്ട് കുത്തി കൊന്നത്. ഹോട്ടലിന്‍റെ സഹ ഉടമയായ സോണിയയും ജോസും അടുത്തിടെ സൗഹൃദത്തിലായിരുന്നു. ഇതെച്ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തും കൊല്ലാൻ തീരുമാനിച്ചതും നടപ്പാക്കിയതുമെന്നാണ് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തൃക്കൊടിത്താനം സ്റ്റേഷൻ എസ് എച്ച് ഓ അനൂപ് ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ സോണിയയുടെ പേരില്‍ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
