മൂന്നാർ: കെഎസ്ആർടിസി മൂന്നാറിൽ തുടങ്ങിയ ടൂർ ബസിന് മികച്ച പ്രതികരണം. മിക്ക ദിവസങ്ങളിലും ഉൾക്കൊള്ളാവുന്ന പരമാവധി യാത്രക്കാരുമായാണ് സർവീസ്. കെഎസ്ആർടിസി ബസിൽ മൂന്നാർ മുഴുവൻ ഒരു ദിവസം ചുറ്റിക്കറങ്ങുന്നതിന് 250 രൂപയാണ് ചാർജ്.

സിറ്റി ടൂർ ബസ് മാതൃകയിലുള്ള കെഎസ്ആർടിസിയുടെ ബസ്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കുള്ള കെഎസ്ആർടിസിയുടെ പുതുവർഷസമ്മാനം. ടൂർ ബസ് മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് രാവിലെ ഒമ്പതിന്‌ തിരിക്കും. നേരെ ടോപ്പ് സ്റ്റേഷനിലേക്ക്. പിന്നീട് കുണ്ടള, എക്കോ പോയിന്റ്, മാട്ടുപെട്ടി, ടീ മ്യൂസിയം എന്നിവിടങ്ങളിൽ പോയി വൈകീട്ട് തിരികെ മൂന്നാറിൽ. എല്ലായിടത്തും ഒന്നര മണിക്കൂർ വരെ ചെലവഴിക്കും.

മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയാണ് ബസിലെ സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. കൊവിഡ് നിയന്ത്രണമുള്ളതിനാൽ ആദ്യമെത്തുന്ന 30 യാത്രക്കാർക്ക് മാത്രമാണ് അനുമതി. ബസിൽ രണ്ട് ഡ്രൈവർമാരുണ്ടാകും. രണ്ട് പേരും പരിചയ സമ്പന്നരായ ടൂർ ഗൈഡുകൾ. മൂന്നാറിലെ ബസ് മിനി ഹോട്ടലുകൾ വിജയമായതിനെ തുടർന്നാണ് കെഎസ്ആർടിസി ടൂർ ബസ് അവതരിപ്പിച്ചത്. ടിക്കറ്റ് ബുക്കിംഗ് ഓൺലൈനാക്കാനും ശ്രമം നടക്കുന്നുണ്ട്.