തിരുവനന്തപുരം: വനിതാ ഡോക്ടറുടെ മാനസിക പീഡനത്തെ തുടർന്ന് ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണതായി പരാതി. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ നഴ്സ് ഡിഎംഒക്ക് പരാതി നൽകി. എന്നാൽ, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡോക്ടർ പറഞ്ഞു.

നെയ്യാറ്റിൻകര പെരുമ്പഴുതുർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രാവിലെ ഡ്യൂട്ടിക്കെത്തിയ ആശയോട് ഡോക്ടർ ലിനി ഒരേ സമയം പല ജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീഴ്ചയിൽ കൈക്ക് പൊട്ടലേറ്റ കാര്യം പറഞ്ഞപ്പോൾ രോഗികളുടെ മുന്നിൽ വച്ച് മോശമായി പെരുമാറുകയും ലീവെടുത്ത് പോകാൻ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.

എന്നാൽ, ഇത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും നഴ്സിംഗ് അസോസിയേഷൻ പ്രവർത്തകർ ആശുപത്രിയിൽ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം. ഡോക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് നഴ്സിംഗ് അസോസിയേഷന്‍റെ തീരുമാനം.