Asianet News MalayalamAsianet News Malayalam

നഴ്സ് ലിനിയുടെ ഓർമ്മയ്ക്കായി ബസ് സ്റ്റോപ്പ്; ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണവും

ലിനിയുടെ ഓർമ സമൂഹത്തിൽ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ബസ് സ്റ്റോപ്പ് നിർമിക്കുന്നത്. ഇതിനുള്ള രൂപരേഖ തയാറായി കഴിഞ്ഞു.ലിനിയുടെ പേരിൽ പ്രത്യേക വാർഡ്  നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

nurse lini memmorial
Author
Kozhikode, First Published Sep 18, 2018, 12:26 AM IST

കോഴിക്കോട്: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റു മരിച്ച നഴ്സ് ലിനിയുടെ പേരിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുൻവശം ബസ് സ്റ്റോപ്പ് നിർമിക്കുമെന്നും പേരാമ്പ്ര  ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണം ഏർപെടുത്തുമെന്നും തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎ കൂടിയായ മന്ത്രിയുടെ  പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചു ആശുപത്രിയിൽ സ്ഥാപിച്ച ജനറേറ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലിനിയുടെ ഓർമ സമൂഹത്തിൽ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ബസ് സ്റ്റോപ്പ് നിർമിക്കുന്നത്. ഇതിനുള്ള രൂപരേഖ തയാറായി കഴിഞ്ഞു.ലിനിയുടെ പേരിൽ പ്രത്യേക വാർഡ്  നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആശുപത്രിയിലെ രോഗികൾക്കു പോഷകസമ്പുഷ്ടമായഭക്ഷണം ലഭ്യമാക്കാനുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കറന്റ് പോകുന്നതു മൂലം ചികിത്സ തടസപ്പെടുന്നുവെന്ന ആവർത്തിച്ചുള്ള പരാതികൾക്കു പരിഹാരമായാണ് ജനറേറ്റർ സ്ഥാപിക്കുന്നത്.

താലൂക്ക് ആശുപത്രിയുടെ സർവതോന്മുഖമായ വികസനത്തിനു എല്ലാ സഹകരണവും ഉണ്ടാവുമെന്നും സികെജി ഗവ.കോളജിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം ആശുപത്രി വികസനത്തിനായി വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കു മുന്നിലുള്ള റോഡ് വീതികൂട്ടുന്നതിനായുള്ള നടപടികളാണ് ഇനി ആരംഭിക്കേണ്ടത്.

ഇതിനായി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും രാഷ്ട്രീയ പാർടി പ്രതിനിധികളും ഒത്തൊരുമിച്ചു ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പേരാമ്പ്ര  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അധ്യക്ഷ ആയ ചടങ്ങിൽ പേരാമ്പ്ര  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന, മെഡിക്കൽ ഓഫിസർ ഡോ. പി.ആർ.ഷാമിൻ, ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ബാലൻ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു

Follow Us:
Download App:
  • android
  • ios