തിരുവല്ല പുഷ്മഗിരി മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഴ്‌സിംഗ് സൂപ്രണ്ടിന്റേയും സഹപ്രവര്‍ത്തകന്റേയും മാനസിക പീഡനം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപണം.
തിരുവല്ല: തിരുവല്ല പുഷ്മഗിരി മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഴ്‌സിംഗ് സൂപ്രണ്ടിന്റേയും സഹപ്രവര്‍ത്തകന്റേയും മാനസിക പീഡനം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപണം. ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ നഴ്‌സുമാര്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നമാണെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം. പുലര്‍ച്ചെ ഒരു മണിയ്ക്കാണ് ആലപ്പുഴ മുട്ടാര്‍ സ്വദേശി 32 വയസ്സുള്ള ബെറ്റി ജോസഫ് മണ്ണെണ്ണയും ഹാര്‍പ്പിക്കും കലര്‍ത്തിക്കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
10,000 രൂപ കടംവാങ്ങിയ സഹപ്രവര്‍ത്തകനായ നഴ്‌സില്‍ നിന്ന് പണം തിരിച്ച് ചോദിച്ചതിന് പിന്നാലെയുണ്ടായ മാനസിക പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് പരാതി. ജോലി ചെയ്യാന്‍ അറിയില്ലെന്ന് ആക്ഷേപിച്ചും ക്യാഷ്വാലിറ്റിയില്‍ നിന്ന് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു മാനസിക പീഡനം. ഇതിനെക്കുറിച്ച് മാനേജമെന്റിനും ബെറ്റി പരാതി നല്‍കിയിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ അവശനിലയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ് ബെറ്റി.
രാമങ്കരി പൊലീസില്‍ ബെറ്റിയുടെ ഭര്‍ത്താവ് പരാതി നല്‍കി. രാമങ്കരി മജിസ്‌ട്രേറ്റിനും നഴ്‌സ് മൊഴി എഴുതി നല്‍കിയിട്ടുണ്ട്. ആത്മഹത്യാ ശ്രമവുമായി ബന്ധമില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍, നഴ്‌സിങ് സൂപ്രണ്ടിനും സഹപ്രവര്‍ത്തകനായ നഴ്‌സിനുമെതിരെ നടപടി ആവശ്യപ്പെട്ട് മാനേജ്‌മെന്റിനും ബെറ്റിയുടെ ഭര്‍ത്താവ് മനോജ് പരാതി നല്‍കി. അഞ്ച് വര്‍ഷമായി ആശുപത്രിയില്‍ നഴ്‌സായി പ്രവര്‍ത്തിക്കിക്കുന്ന ബെറ്റിക്ക് മൂന്ന് വയസുള്ള മകനുണ്ട്.
