അമ്പലപ്പുഴ: ബന്ധുക്കൾ ഉപേക്ഷിച്ച നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോധികന് താങ്ങും തണലുമായി നഴ്സുമാരും ജീവനക്കാരും. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ തയ്യിൽ വീട്ടിൽ രാജപ്പൻ(79) ആണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞ 12 ന് വീടിനടുത്തുള്ള പുരയിടത്തിൽ അവശനിലയിൽ കണ്ട ഇദ്ദേഹത്തെ സമീപവാസിയായ ഓട്ടോറിക്ഷാ ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ച് പരിചരിച്ചത്. 

വിവരം ബന്ധുക്കളെ അറിയിച്ചങ്കിലും രോഗം മൂർഛിച്ച് ഗുരുതാരവസ്ഥയിൽ ആയിട്ടും ബന്ധുക്കൾ എത്തിയില്ല. പിന്നാലെ പൊലീസ് കഴിഞ്ഞ ദിവസം ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചെങ്കിലും രാജപ്പനെ പരിചരിക്കാൻ തയ്യാറായില്ല. വാർഡിൽ ജോലിക്കെത്തുന്ന നഴ്സുമാരും മറ്റ് ജീവനക്കാരുമാണ് രാജപ്പനെ ഇപ്പോൾ പരിചരിക്കുന്നത്. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന രാജപ്പന് കൃതൃമശ്വാസം നൽകിവരുകയാണ്.   

ഭാര്യയും മക്കളുമായി സഹകരിക്കാതെ കഴിഞ്ഞിരുന്ന രാജപ്പന് മറ്റ് ബന്ധുക്കളുമായും അടുപ്പമില്ലെന്നാണ് പഞ്ചായത്ത് അംഗം ഷെഫീഖ് പറയുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും പരിചരിക്കാൻ തയ്യാറായിട്ടില്ല. ഇദ്ദേഹത്തിന്റെ സമുദായ സംഘടനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.