എറണാകുളം: സാലറി കട്ടിനെതിരെ പ്രതിഷേധവുമായി എറണാകുളം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാർ. കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകരെയും നഴ്സുമാരെയും സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. 

പിടിച്ചുവച്ച ഒരു മാസത്തെ ശമ്പളം തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയ സർക്കാർ രണ്ടാം സാലറി ചലഞ്ചുമായി വന്നിരിക്കുന്നത് സ്വീകാര്യമല്ലെന്ന്  കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ അറിയിച്ചു. അതേസമയം തന്നെ പ്രത്യക്ഷ സമരവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഒക്ടോബര്‍ രണ്ടിന് ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും. അനിശ്ചിതകാല നിസഹകരണ സമരത്തിനും തീരുമാനമായി.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസത്തിനിടെ പിടിച്ച ശമ്പളം ഉടൻ തിരികെ നല്‍കണം, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, ആശുപത്രികളിലും കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട്. ഇതിന് പരിഹാരം കാണുക, പിപിഇ കിറ്റ് അടക്കമുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രത്യക്ഷ സമരം. സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉപവാസ സമരം. സംസ്ഥാന നേതാക്കള്‍ ഒരു ദിവസം ഉപവസിക്കും. 

ഉപവാസ സമരത്തെ തുടര്‍ന്ന് തീരുമാനമായില്ലെങ്കില്‍ രോഗി പരിചരണത്തേയും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കാത്ത തരത്തില്‍ നിസഹകരണ സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയേയും ആരോഗ്യവകുപ്പിനേയും അറിയിച്ചിട്ടുണ്ട്.