കല്‍പ്പറ്റ: 17 കാരിയെ പീഡിപ്പിച്ചെന്ന കേസിലുള്‍പ്പെട്ട് ഒളിവില്‍ പോയതോടെ ആറ് മാസത്തിനിടെ വയനാട്ടില്‍ പീഡനക്കേസില്‍ നടപടി നേരിടുന്ന രണ്ടാമത്തെ പൊതുപ്രവര്‍ത്തകനാണ് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഒ.എം. ജോര്‍ജ്. 

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാജിവെച്ചിരുന്നു. വീടുവെക്കാന്‍ സ്ഥലം നികത്താനുള്ള അനുമതി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവതിയായ വീട്ടമ്മയെ കറപ്പന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഫോണില്‍ നിരന്തരം ശല്യം ചെയ്‌തെന്നും തനിച്ചുള്ളപ്പോള്‍ വീട്ടിലെത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു യുവതി അമ്പലവയല്‍ പോലീസിന് നല്‍കിയ പരാതി. 

സംഭവം കോണ്‍ഗ്രസും ബിജെപിയും ഏറ്റെടുത്തതോടെ കറപ്പനോട് രാജിവെക്കാന്‍ സിപിഎം ആവശ്യപ്പെടുകയായിരുന്നു. അതേ സമയം വയനാട് ഡിസിസി സെക്രട്ടറി കൂടിയായ ഒ എം ജോര്‍ജിനെതിരെ അതീവ ഗുരുതരമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി. 

പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളോടൊപ്പം ജോര്‍ജിന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന പെണ്‍കുട്ടിയാണ് നിരന്തര പീഡനത്തിനിരയായിരിക്കുന്നത്. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.