Asianet News MalayalamAsianet News Malayalam

പത്ത് മാസം ജയിലിൽ കഴിഞ്ഞ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ

കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 

Observations made by the high court for allowing bail to greeshma the accused in sharon murder case afe
Author
First Published Sep 26, 2023, 1:17 AM IST

കൊച്ചി: പാറശാല ഷാരോൺ കൊലക്കേസിൽ മുഖ്യ പ്രതി ഗ്രീഷ്മയ്ക്ക് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചു. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്. കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു.

കേരളം അമ്പരപ്പോടെ കേട്ട ഷാരോൺ കൊലപാതക കേസിലാണ് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് പത്ത് മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. സാക്ഷികളെ സ്വാധീനിക്കാരുതെന്നും കേസിൽ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ നടപടി. കേസ് അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജാമ്യം നൽകിയാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പിൻമാറാൻ തയ്യാറാകാതെ വന്നപ്പോൾ ഗ്രീഷ്മയും കുടുംബവും ആസൂത്രണം ചെയ്ത കൊലപാതകം നടപ്പാക്കുകയായിരുന്നു.

Read also:  കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

നെയ്യൂരിലെ സ്വകാര്യ കോളോജിൽ ബി.എസ്.സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ഒരു ബസ് യാത്രയ്ക്കിടയിലായിരുന്നു ഗ്രീഷ്മയെ ഷാരോണ്‍ പരിചപ്പെടുന്നത്. പത്ത് മാസം നീണ്ട പ്രണയത്തിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നു. എന്നാൽ പ്രണയത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചു. ഒടുവിൽ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. 

സെപ്റ്റംബർ 14ന് വിഷം അകത്ത് ചെന്ന ഷാരോൺ 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിലാണ് പിന്നീട് കേരളത്തെ അമ്പരപ്പിച്ച വഴിത്തിരിവുണ്ടായത്. കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ചിരുന്നു. ഇരു പ്രതികൾക്കും നേരത്തെ ജാമ്യം ലഭിക്കുകയും ചെയ്തു.

അതേസമയം കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios