ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പിന്നീട് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കെയാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
കൊല്ലം: കൊല്ലത്ത് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന 5.536 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ക്ലാപ്പന സ്വദേശി റോയ് (45), കുലശേഖരപുരം സ്വദേശി പ്രമോദ്‌കുമാർ (41) എന്നിവരെ അറസ്റ്റ് ചെയ്തു. കൊല്ലം ആലപ്പാട് സ്വദേശി നിധിനാണ് കേസിലെ മൂന്നാം പ്രതി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പിന്നീട് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കെയാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.
കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജു എസ് എസും സംഘവും എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്താലാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വിധുകുമാർ പി, രഘു കെ ജി, ഇന്‍റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം ആർ, അജിത് ബി എസ്, ജൂലിയൻ ക്രൂസ്, ജോജോ ജെ, സൂരജ് പി എസ്, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ ജി, സിവിൽ എക്‌സൈസ് ഡ്രൈവർ സുഭാഷ് എസ് കെ എന്നിവരും പങ്കെടുത്തു.
അതേസമയം, പുനലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷമീർഖാനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ തെന്മലയിൽ അഞ്ച് ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിലായി. സുദർശനൻ (65) ആണ് പിടിയിലായത്. സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ റെജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ് ) സുജിത്, സിവിൽ എക്സൈസ് ഓഫീസർ റിഞ്ചോ വർഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജീഷ് ലാൽ എന്നിവരുമുണ്ടായിരുന്നു.
