ഇടുക്കി: കൊവിഡെന്ന മഹാമാരിയിലും ദുരന്തമുഖത്തും പതറാതെ നില്‍ക്കുകയാണ് മൂന്നാറിലെ ഉദ്യോഗസ്ഥ വ്യസ്ഥവും പ്രാദേശിക നേത്യത്വവും. പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം ഓടിയെത്തിയത് ഇവര്‍തന്നെയായിരുന്നു. കാലവര്‍ഷം പെയ്തിറങ്ങുമ്പോള്‍ അപകടങ്ങള്‍ പതിവാണെങ്കിലും പെട്ടിമുടിയിലുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് മൂന്നാര്‍. 

83 തൊഴിലാളികള്‍ താമസിച്ചിരുന്ന നാല് ലയങ്ങള്‍ മണ്ണിടിച്ചലില്‍ ഒലിച്ചുപോവുകയും പലരെയും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുമാണ് ദുരന്തമുഖത്ത് നിലനില്‍ക്കുന്നത്. മൂന്നുവശവം മലകള്‍ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയില്‍ ഇത്തരമൊരു ദുരന്തം ആരും പ്രതീക്ഷിച്ചതുമില്ല. കൊവിഡ് പിടിമുറിക്കിയതോടെ നാട്ടിലേക്ക് മടങ്ങാനിരുന്നവര്‍ വരെ ദുരന്തത്തില്‍ അകപ്പെട്ട് മണ്‍ മറഞ്ഞുപോയി. 83 പേര്‍ ഔദ്ധ്യോഗികമായി മരിച്ചെന്നാണ് ജില്ലാ ഭരണകൂടം പറയുന്നതെങ്കിലും കുടുതല്‍പേര്‍ അപകടത്തില്‍ അകപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പ്രദേശിക നേതൃത്വം. 

അപകടത്തെ ചൊല്ലിയും ധനസഹായത്തെ ചൊല്ലിയും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ തൊഴിലാളികളെ കണ്ടെത്താന്‍ മൂന്നാറിലെ പ്രാദേശിക നേതൃത്വവും ഉദ്യോഗസ്ഥരും കര്‍മനിരധരായി പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുകയാണ്. അപകടം നടന്ന ദിവസം മുതല്‍ കമ്പനിയുടെ എംഡി അടക്കമുള്ളവരും പെട്ടിമുടിയിലുണ്ട്. ഡി എഫ് ഒ കണ്ണന്‍, മുന്‍ എം എല്‍ എ എകെ മണി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ കറുപ്പസ്വാമി, സുരേഷ്‌കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍, എന്നിവരും തിരച്ചില്‍ പങ്കാളികളാണ്. ഡി വൈ എഫ് ഐുടെ യുവജന സംഘടയും, കമ്പനിയുടെ വെല്‍ഫയര്‍ സംഘവും തിരച്ചലില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ജിവന്‍ നഷ്ടപ്പെട്ടവരെ കണ്ടെത്താന്‍ ജിവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇത്തരം ഉദ്യോഗസ്ഥരും പ്രദേശിക നേതൃത്വവും മൂന്നാറിന്റെ മാതൃകയാണ്.