നഫീസയ്ക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് മൃതദേഹം കണ്ടെത്താനായത്
കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നബീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിടങ്ങൂർ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ജൂണ്‍ 1 നാണ് നഫീസ മീനച്ചിലാറ്റിൽ ചാടിയത്. നഫീസയ്ക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നാണ് മൃതദേഹം കണ്ടെത്താനായത്.
മലപ്പുറത്ത് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനക്കയം പുഴയിൽ പാറക്കടവ് ഭാഗത്ത് പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപോയ കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ സേന മുങ്ങിയെടുത്തത്. താലൂക്ക് ദുരന്തനിവാരണ സേന അംഗമായ വെട്ടുപാറ ജലീൽ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്, വട്ടപ്പാറ കുഞ്ഞാപ്പു, സൈതലവി കരിപ്പൂർ, ഖലീൽ പള്ളിക്കൽ, അഷ്റഫ് മുതുവല്ലൂർ, ഫൈസൽ മുണ്ടക്കുളം വാസു കോട്ടാശേരി, എന്നിവരാണ് തിരച്ചിലിനെത്തിയത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് ആനക്കയം പുള്ളിയിലങ്ങാടി പാറക്കടവിൽ രാളെ കാണാതായത്. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസിനെയാണ് (35) കാണാതായത്. എടവണ്ണ സ്വദേശി വളാപറമ്പിൽ അബ്ദുൽ ജഷീലാണ് (27) രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇരുവരും കുളിക്കാനായി കടവിലെത്തിയത്. പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ പുഴയ്ക്ക് നടുവിൽ വെച്ച് ഒഴുക്കിൽപ്പെടുകയായിരുന്നു.
തമിഴ്നാട്ടിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിലെ വില്ലുപുരത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവർ ചക്കുപള്ളം വലിയകത്തിൽ വീട്ടിൽ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി സ്വദേശി ഫോട്ടോഗ്രാഫർ എം എൻ ഷാജി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
