ആലപ്പുഴ: പൂച്ചകള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ്   ആലപ്പുഴ കുതിരപ്പന്തി മാളികപ്പുരയിടത്തില്‍ താമസിക്കുന്ന ഷംശുമ്മ. പൂച്ച ഉമ്മ എന്ന് പറഞ്ഞാലേ ഷംശുമ്മയെ ആളുകള്‍ക്ക് അറിയൂ. അത്രയ്ക്ക് പൂച്ചകളുമായി ഇഴചേര്‍ന്നാണ് ഇവരുടെ ജീവിതം. പ്രായാധിക്യത്തിന്റെ അവശതകളും ജീവിത പ്രയാസങ്ങളും ഷംശു മ്മയെ നിരന്തരം അലട്ടുന്നുണ്ടെങ്കിലും അതൊന്നും ഈ പൂച്ച സ്‌നേഹത്തിനുമുന്നില്‍ ഒന്നുമല്ല. സുമനസുകള്‍ തരുന്ന നാണയത്തുട്ടുകള്‍ പോലും പൂച്ചകള്‍ക്ക് അന്നമൊരുക്കുവാനാണ് ഈ വൃദ്ധ മാറ്റിവയ്ക്കുന്നത്. 

ദിവസേനെ നൂറോളം പൂച്ചകളാണ് തങ്ങളുടെ അന്നദാതാവിനെ കാത്ത് വഴിയരികിലും വേലി വക്കിലും കാത്തിരിക്കുക. ഷംശുമ്മയെ കണ്ടാല്‍ എവിടെനിന്നെല്ലാമോ ഈ പൂച്ചകള്‍ കൂട്ടമായി വരും. ചുറ്റും കൂടുന്ന പൂച്ചകള്‍ക്ക് താന്‍ ശേഖരിച്ച മീനുകള്‍ നല്‍കും. കൊടുത്ത മീനുകളെല്ലാം തിന്നുകഴിയുമ്പോള്‍ പൂച്ച ഉമ്മയുടെ കാലിലുരുമ്മി സ്‌നേഹം പ്രകടിപ്പിച്ച് പൂച്ചകള്‍ പല വഴിക്ക് പിരിഞ്ഞ് പോകും. വഴിച്ചേരിയിലെ ഡാറാമാര്‍ക്കറ്റ് പുലയന്‍ വഴി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് പൂച്ചകള്‍ക്ക് ആവശ്യമായ മത്സ്യങ്ങള്‍ പുച്ച ഉമ്മ ശേഖരിക്കുന്നത്. 


ശംഷുമ്മ യുടെ ഉദ്ദേശം മനസിലാക്കുന്ന ഇഷ്ടക്കാര്‍ മീനുകള്‍ സൗജന്യമായി നല്‍കും. മീന്‍ വില കൂടുന്ന സമയം തന്റെ കയ്യിലുള്ള തുച്ഛമായ പണം ഉപയോഗിച്ച് മീന്‍ വാങ്ങി ശംഷുമ്മ നടത്തം തുടരും. പുലയന്‍ വഴിയില്‍ നിന്ന് തുടങ്ങുന്ന നടത്തം ചാത്തനാട്ടുള്ള മകളുടെ വീട്ടിലാണ് അവസാനിക്കുക. നടക്കാന്‍ ബുദ്ധിമുട്ടുള്ള ദിവസം മാര്‍ക്കറ്റ് വരെ ഓട്ടോയെ ആശ്രയിക്കും. ചാത്തനാട് എത്തുന്നത് വരെയുള്ള നിരവധി സ്ഥലങ്ങളില്‍ പൂച്ചകള്‍ പൂച്ചുമ്മയെ കാത്തിരിക്കും. പൊളിഞ്ഞ് വീഴാറായ വീട്ടിലും ഷംശുമ്മയ്ക്ക് കൂട്ട് ഒരു പറ്റം പൂച്ചകള്‍ തന്നെ. 

സ്വന്തം കുഞ്ഞുങ്ങളെയെന്നപ്പോലെ തന്നെയാണ് ഇവര്‍ പൂച്ചകളെ കാണുന്നത്. ചിലര്‍ വിഷം കൊടുത്ത് പൂച്ചകളെ കൊല്ലാറുണ്ട്. ആ ദിവസം പുച്ചുമ്മ ഒരുതുള്ളി വെള്ളം പോലും കുടിക്കില്ല. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളെ മറികടന്നും പൂച്ചകളെ സ്‌നേഹിക്കുന്ന പൂച്ച ഉമ്മ ലോകത്തിന് തന്നെ നന്മയുടെ മാതൃകയാവുകയാണ്.