വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പ്. വണ്ടി നിർത്തി ഏതാനും പേർ സ്റ്റോപ്പിൽ ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന യുവതിക്കും കുഞ്ഞിനും സ്റ്റോപ്പിലിറങ്ങാനായില്ല.
കോഴിക്കോട്: അർധരാത്രിയിൽ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പാതിവഴിയിലിറക്കാതെ കിലോമീറ്ററുകൾ തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ഇന്നലെ അർധരാത്രിയാണ് സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടിൽപ്പാലം വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്ആ.ർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം KL-15-A-2964 നമ്പർ ബസ്സിലെ ജീവനക്കാരാണ് അർധരാത്രിയിൽ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്.
വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന സ്റ്റോപ്പ്. വണ്ടി നിർത്തി ഏതാനും പേർ സ്റ്റോപ്പിൽ ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന യുവതിക്കും കുഞ്ഞിനും സ്റ്റോപ്പിലിറങ്ങാനായില്ല. പിന്നീട് ബസ് ഏറെ നേരം മുന്നോട്ട് കഴിഞ്ഞാണ് യുവതി ഇറങ്ങാനുണ്ടെന്ന് പറയുന്നത്. ഹൈവെ ആയിരുന്നതിനാൽ ബസ്സിനു തിരിക്കാൻ പന്ത്രണ്ട് കിലോമീറ്റർ പോകെണ്ടിവന്നു. ബസ്സ് തിരിച്ച് ഇവരെ ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്ന മറ്റേതെങ്കിലും കെ.എസ്.ആർ.ടി.സിയിൽ തന്നെ കയറ്റിവിടാൻ തീരുമാനിച്ചെങ്കിലും ഒരു ബസും വന്നില്ല.
ഇതോടെ ജീവനക്കാർ യുവതിയെയും കുഞ്ഞിനെയും വഴിയിലിറക്കാതെ തിരിച്ച് ചങ്ക് വെട്ടിയിലെക്ക് തന്നെ ബസ് വിടുകയായിരുന്നു. പതിനേഴ് കിലോമീറ്ററാണ് യുവതിക്കും കുഞ്ഞിനുമായി ബസ്സ് വീണ്ടും ഓടിയത്. ചങ്ക് വെട്ടിയിൽ ബസ് എത്തുമ്പോഴെക്കും യുവതിയുടെ സഹോദരൻ കാറുമായെത്തി. യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി സഹോദരനെ ഏല്പിച്ച ശേഷം ബസ് വീണ്ടും യാത്ര തുടരുകയായിരുന്നു. ബസ്സിലെ യാത്രക്കാരടക്കം ഇവരെ തിരികെ സുരക്ഷിതമായി എത്തിക്കാനായി ബസ് ജീവനക്കാരോട് സഹകരിച്ചു.


