വയോധികയായ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
ഏക മകൻ വിനയ് ഭാര്യയും കുഞ്ഞുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. മാതാപിതാക്കൾക്കുള്ള ഉച്ചഭക്ഷണം ഓൺലൈനായി ബുക്ക് ചെയ്തതനുസരിച്ച് ഡെലിവറി ബോയ് സ്ഥലത്തെത്തിയെങ്കിലും ആരും വാതിൽ തുറന്നില്ല.

ആലപ്പുഴ: വയോധികയായ വീട്ടമ്മയെ വീട്ടിലെ കിടപ്പുമുറിയിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി (65)യാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ലിസിയുടെ ഭർത്താവ് പൊന്നപ്പൻ വർഗീസിനെ (75) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊന്നപ്പൻ ആത്മഹത്യക്ക് ശ്രമിച്ചതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയം ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏക മകൻ വിനയ് ഭാര്യയും കുഞ്ഞുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. മാതാപിതാക്കൾക്കുള്ള ഉച്ചഭക്ഷണം ഓൺലൈനായി ബുക്ക് ചെയ്തതനുസരിച്ച് ഡെലിവറി ബോയ് സ്ഥലത്തെത്തിയെങ്കിലും ആരും വാതിൽ തുറന്നില്ല. ഇതോടെ ഡെലിവറി ബോയ് വിനയുടെ നമ്പരിൽ വിളിച്ചു. മകന്റെ നിർദ്ദേശമനുസരിച്ച് സമീപത്ത് താമസിക്കുന്ന ബന്ധുവായ ജോർജ്ജ് വീട്ടിലെത്തി അടുക്കളവാതിലിന്റെ ഗ്രില്ല് തുറുന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്.
ലിസി കിടപ്പുമുറിയിലും പൊന്നപ്പൻ ശുചിമുറിയിലുമാണ് കിടന്നിരുന്നത്. ജോർജ്ജിന്റെ കടയിലെ ജീവനക്കാരനും നാട്ടുകാരും ചേർന്ന് 108 ആംബുലൻസ് വിളിച്ചാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചശേഷമാണ് ലിസിയുടെ മരണം സ്ഥിരീകരിച്ചത്. പനിയെ തുടർന്ന് ഒരാഴ്ച്ചയായി ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന ലിസി ബുധനാഴ്ച്ചയാണ് വീട്ടിലെത്തിയത്.
കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യതയോ കുടുംബപ്രശ്നങ്ങളോ ഉള്ളതായി സൂചനയില്ല. എന്നാൽ അനാരോഗ്യം മൂലമുള്ള മാനസിക വിഷമം ഉണ്ടായിരുന്നുവെന്നാണ് അടുപ്പക്കാർ പറയുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. മകൻ: വിനയ്. പി. വർഗീസ് (ഫെഡറൽ ബാങ്ക്). മരുമകൾ: മീതു (ഫെഡറൽ ബാങ്ക്).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...