റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: പാലക്കാട് (palakkad) ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ (old couple) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ (dead) കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തുളള വിറക് പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയര്‍ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. സ്വത്തുക്കൾ ഭാഗിച്ച് നൽകുന്നതായി വ്യക്തമാക്കുന്നതാണ് ആത്മഹത്യാ കുറിപ്പ്. ശാരീരിക ബുദ്ധിമുട്ടുകൾ ഇരുവരേയും അലട്ടിയിരുന്നതായും ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച പുലര്‍ച്ചെ രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ദമ്പതികൾക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൂന്ന് പേരും വിവാഹിതരാണ്. ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. ചാലിശ്ശേരി പൊലീസും പട്ടാമ്പിയിലെ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. ഫൊറൻസിക് സംഘം പരിശോധന നടത്തിയ ശേഷം മൃതദേഹം തുടർനടപടികൾക്കയച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.