അമ്പലപ്പുഴ: ആലപ്പുഴയില്‍ തമിഴ്നാട്ടിൽ നിന്നെത്തിച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. അമ്പലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നാണ് ലോറിയിലെത്തിച്ച പഴകിയ കിളിമീൻ പിടികൂടിയത്. ബുധനാഴ്ച രാത്രിയിൽ തോട്ടപ്പള്ളി മാത്തേരിക്ക് കിഴക്ക് ഇൻസുലേറ്റഡ് ലോറിയിൽ മത്സ്യം കയറ്റുന്നത് കണ്ട നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ അമ്പലപ്പുഴ പോലീസാണ് വാഹനവും മത്സ്യവും പിടികൂടിയത്. പിന്നീടിത് തോട്ടപ്പള്ളി തുറമുഖത്ത് എത്തിച്ചു. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിലാണ്   പാലക്കാട് വഴി മീൻ ഇവിടെയെത്തിച്ചത്. നൂറു ബോക്സുകളിലായി ഏകദേശം 2800 കിലോ മീനാണ് കൊണ്ടുവന്നത്. ഇതിൽ 30 കിലോയോളം മീന്‍ മാസങ്ങളോളം പഴക്കമുള്ളതായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. പഴകിയ മീൻ പിന്നീട് നശിപ്പിച്ചു.