ആലപ്പുഴ: അമിത വേഗത്തിൽ വളവു തിരിഞ്ഞ സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വയോധികൻ മരിച്ചു. വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി(66) ആണ് മരിച്ചത്. വെട്ടിയാർ കളത്തട്ട് ജംക്‌ഷനു സമീപത്തെ വളവിൽ ഇന്ന് രാവിലെ 9ന് ആയിരുന്നു അപകടം. മാവേലിക്കരയിലേക്കു പോകുകയായിരുന്ന കടുകോയിക്കൽ ബസിൽ നിന്നാണ് ചന്ദ്രമോഹൻതമ്പി തെറിച്ചു വീണത്. 

ബസിന്റെ പുറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ പുറത്തേക്ക് വീണത്. ബഹ്റൈനിൽ ജോലി ചെയ്തിരുന്ന ചന്ദ്രമോഹൻതമ്പി 10ദിവസം മുൻപാണു നാട്ടിലെത്തിയത്. മാവേലിക്കരയിലേക്ക് പോകുന്നതിന് വെട്ടിയാർ ക്ഷേത്ര ജംക്‌ഷനിൽ നിന്നാണു ബസിൽ കയറിയത്. ബസിന്‍റെ വാതിൽ അടിച്ചിട്ടില്ലായിരുന്നു. 

ഭാര്യ സുജാതയുടെ മാതൃസഹോദരി പൊന്നമ്മക്കുഞ്ഞമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായിരുന്നിട്ടും ഡ്രൈവിംഗ് പരിശീലനം ഉള്ളതിനാലാണ് മാവേലിക്കരക്ക് പോയത്. പട്ടാളത്തിൽ ജോലി ചെയ്ത ചന്ദ്രമോഹൻ തമ്പി വിരമിച്ച ശേഷമാണു വിദേശത്തേക്കു പോയത്.