ചാരുംമൂട്: മകന്റെ മര്‍ദ്ദനത്തിരയായതിനെ തുടര്‍ന്ന് ചുനക്കര ഗ്രാമപ്പഞ്ചായത്തിന്റെ സ്‌നേഹവീട്ടില്‍ പ്രവേശിപ്പിച്ചിരുന്ന വയോധിക ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. ചുനക്കര നടുവില്‍ ശ്രീനിലയത്തില്‍ രാഘവന്‍പിള്ള (92) യാണ് മരിച്ചത്. സ്‌നേഹവീട്ടില്‍ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. പോസ്റ്റ്‌മോര്‍ട്ടത്തിനായി നൂറനാട് പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാഘവന്‍പിള്ളയേയും ഭാര്യ ഭവാനിയമ്മയേയും മകന്‍ ക്രൂരമായി മര്‍ദ്ദിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 26-നായിരുന്നു സംഭവം. മാതാപിതാക്കളെ മര്‍ദ്ദിച്ച മകന്‍ ബാലകൃഷ്ണന്‍ നായരെ നൂറനാട് പൊലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്താഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സുരേഷ് പുലരി എന്നിവരുടെ നേതൃത്വത്തില്‍ ദമ്പതിമാരെ സ്‌നേഹ വീട്ടിലേക്ക് മാറ്റി. അസുഖബാധിതനായ രാഘവന്‍പിള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.