ചാരുംമൂട് : പുരയിടത്തിൽ കരിയില കത്തിക്കുന്നതിനിടെ ശരീരത്ത്  തീ പടർന്ന് വയോധികൻ മരിച്ചു. ആലപ്പുഴ താമരക്കുളം ജംഗ്ഷനിലെ ആദ്യകാല വ്യാപാര സ്ഥാപനമായ പാട്ടത്തിൽ സ്റ്റോഴ്സിന്റെ ഉടമ കെ. കുഞ്ഞു പിള്ള (87 ) ആണ് മരിച്ചത്. ഇന്ന് പകൽ 12 മണിയോടെയായിരുന്നു സംഭവം. 

കുഞ്ഞു പിള്ളയും ഭാര്യ രാജമ്മയും മാത്രമാണ് വീട്ടിലുള്ളത്. പ്രായാധിക്യവും രോഗവും നടക്കാനുള്ള ബുദ്ധിമുട്ടും കാരണം ഇദ്ദേഹം ഇപ്പോൾ  കടയിൽ പോകാറില്ല. രാവിലെ ചായകുടി കഴിഞ്ഞ് വീടിനോട് ചേർന്നുള്ള പുരയിടം വൃത്തിയാക്കാൻ ഇറങ്ങിയ വിവരമേ വയോധികയായ രാജമ്മയ്ക്ക് അറിയൂ.

പന്ത്രണ്ടരയോടെ സമീപത്തെ റബ്ബർ തോട്ടത്തിലടക്കം തീ പടർന്നതോടെ അയൽക്കാരും മറ്റും തീയണയ്ക്കാനെത്തി. ഇവർ വെള്ളം കോരി തീയണച്ചു വരുമ്പോളാണ്  പുരയിടത്തിന് മധ്യത്തായി തീപടർന്ന് മരിച്ച നിലയിൽ കുഞ്ഞു പിള്ളയെ കണ്ടത്. വിവരമറിഞ്ഞ് നൂറനാട് സ്റ്റേഷൻ ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കരിയിലയ്ക്ക് തീ പടർന്നപ്പോൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ താഴെ വീണപ്പോൾ ശരീരത്ത് തീ പടർന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.