Asianet News MalayalamAsianet News Malayalam

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം

On the way to the hospital the young woman gave birth in the Kaniv 108 ambulance
Author
Kerala, First Published Oct 20, 2021, 3:21 PM IST

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ചൊവ്വാഴ്ച രാത്രി 10.30-നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ ബന്ധപ്പെടുകയും തുടര്‍ന്ന് ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയുമായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശാനുസരണം ഉടന്‍ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. 

സ്ഥലത്തെത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആഷ്‌ലി ജോസഫ് നടത്തിയ പരിശോധനയില്‍ ഹേമാവതി തീരെ അവശയാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടര്‍ന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ഹേമാവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു.

അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാകുകയും തുടര്‍ന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സിനുള്ളില്‍ വെച്ച് 11 മണിയോടെ ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്‍കി. 

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രന്‍ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്.

Follow Us:
Download App:
  • android
  • ios