ഇന്നലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ വീണ്ടും ഇതേസ്ഥലത്ത് പൂക്കളത്തിനായി ഡിസൈന്‍ വരയ്ക്കാന്‍ ആരംഭിച്ചതോടെ എബിവിപി വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

തൃശൂര്‍: ഓണാഘോഷ തര്‍ക്കത്തെ തുടര്‍ന്ന് കുന്നംകുളം ശ്രീ വിവേകാനന്ദ കോളജില്‍ എസ്എഫ്ഐ - എബിവിപി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. കോളജിന്റെ സ്റ്റേജിന് സമീപത്തായി എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പൂക്കളം ഇടുന്നതിനായുള്ള ഡിസൈന്‍ വരച്ചിരുന്നു. ഇതില്‍ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ കരി ഓയില്‍ ഒഴിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു.

തുടര്‍ന്ന് ഇന്നലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ വീണ്ടും ഇതേസ്ഥലത്ത് പൂക്കളത്തിനായി ഡിസൈന്‍ വരയ്ക്കാന്‍ ആരംഭിച്ചതോടെ എബിവിപി വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോളേജ് അധികൃതര്‍ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുന്നംകുളം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നന്ദകുമാര്‍, സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

തുടര്‍ന്ന് എസ്എഫ്ഐ, എബിവിപി വിദ്യാര്‍ഥി നേതാക്കളുമായി പൊലീസിന്‍റെ സാന്നിധ്യത്തില്‍ കോളജ് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

അതേസമയം, ആലപ്പുഴ അരൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അരൂർ മുക്കം സ്മശാനം റോഡിൽ ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. ഞായറാഴ്ച രാവിലെ ഇരുകൂട്ടരും ഒന്നിച്ച് മദ്യപാനം നടത്തിയ സമയം ഉണ്ടായ തർക്കമാണ് രാത്രിയിലെ ആക്രമണത്തിന് കാരണമായത്. വടിവാളും മഴുവും ഉപയോഗിച്ച് ഇരുകൂട്ടരും നടത്തിയ ആക്രമണത്തിൽ നാലോളം പേർക്ക് ഗുരുതരമായ പരിക്കേറ്റു.

അരൂർ സ്വദേശികളായ വലിയപറമ്പിൽ അഗസ്റ്റിൻ ജെറാൾഡ്, കാരക്ക പറമ്പിൽ ഷാനു, കല്ലറയ്ക്കൽ വീട്ടിൽ സ്റ്റേജോ, കല്ലറയ്ക്കൽ വീട്ടിൽ ബിപിൻ, വടക്കേച്ചിറ വീട്ടിൽ അജ്മൽ എന്നിവരെ കൊലപാതകശ്രമ കേസിനും അരൂർ സ്വദേശിയായ വേഴക്കാട്ട് വീട്ടിൽ രാജേഷ്, വെളുത്തെടുത്ത് വീട്ടിൽ നിമിൽ എന്നിവരെ മനപ്പൂർവമല്ലാത്ത നരഹത്യാശ്രമ കേസിനും അറസ്റ്റ് ചെയ്തു. 

'ശാസ്ത്രം ജയിച്ചു, അന്ധവിശ്വാസങ്ങൾ തോറ്റു'; ഇന്ത്യ ചന്ദ്രനിൽ, ഐഎസ്ആർഒയ്ക്ക് ബിഗ് സല്യൂട്ടെന്ന് കെ ടി ജലീൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം