കോഴിക്കോട്:  നാട്ടുവഴികൾ പിന്നിട്ട് അനുഗ്രഹ വർഷവുമായി വീടുകളിലെത്തുന്ന  ഓണപ്പൊട്ടൻമാരാണ് വടക്കൻ കേരളത്തിലെ ഓണാഘോഷങ്ങളെ വേറിട്ടതാക്കുന്നത്. ഇക്കുറി, പതിവ് മണി കിലുക്കങ്ങളില്ല. ചമയവും ആരവങ്ങളും ഇല്ല.  കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളിൽ പോകേണ്ടെന്നാണ് പതിറ്റാണ്ടുകളായി കോലം കെട്ടുന്ന തെയ്യം കലാകാരൻമാരുടെ തീരുമാനം.

മണികിലുക്കിയെത്തുന്ന ഓണേശ്വരന് നേര്‍ച്ചയായി അരിയും പണവും നൽകുന്നതാണ് രീതി. ഓരോണം കഴിഞ്ഞാൽ അടുത്ത കൊല്ലത്തേക്ക് ഓണപ്പൊട്ടനായി കരുതുന്ന നേർച്ച. മലബാറുകാരുടെ ജീവിതത്തോട് അത്രയേറെ ചേർന്നു നിൽക്കുന്നതാണ്, ഓണേശ്വരൻ അഥവാ ഓണപ്പൊട്ടൻ.

കുറ്റ്യാടി വെള്ളൊലിപ്പിൽ തറവാട്ടിലെ കാരണവർക്ക് പറയാനുള്ളതും മുൻകാല ഓർമയില്ലാത്ത ഈ കാലത്തെ കുറിച്ചാണ്. കേളപ്പേട്ടൻ ഓണക്കാലത്ത് ഇത് പോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പ്രായത്തെ തോൽപ്പിച്ച് ഓണപ്പൊട്ടനായി എത്രയെത്ര വീടുകളിലെത്തേണ്ടതായിരുന്നു. കൊവിഡിൽ മുടങ്ങിയ ഈ പോക്കിന്റെ പരിഭവം മറയ്ക്കുന്നില്ല കേളപ്പേട്ടൻ.

ഓണം ഓർമ്മകളിൽ തന്നെ ആദ്യമായി ഓലക്കുടയും മണിയുമെല്ലാം തെയ്യം കലാകാരൻമാരുടെ വീട്ടകങ്ങളിലാണ്. അങ്ങനെ കൊവിഡിൽ മുടങ്ങിപ്പോയത് മലബാറിലെ ഏറ്റവും പഴക്കം ചെന്ന , ഈ മണ്ണിൽ ഇഴുകി ചേർന്ന, ഒരുപാട് ഐതിഹ്യങ്ങളുള്ള ആചാരം കൂടിയാണ്. നാട്ടിട വഴികളിലൂടെയുള്ള ഓണപ്പൊട്ടന്‍റെ ഓട്ടം അടുത്തകൊല്ലം  കാണാം എന്നതു തന്നെയാണ് എല്ലാ മലബാറുകാരെയും പോലെ ഇവരുടെയും പ്രതീക്ഷ.