കോഴിക്കോട്: കോഴിക്കോട് ബീച്ച്, ഗാന്ധി റോഡ്, വെള്ളയിൽ തുടങ്ങിയ കടലോര പ്രദേശങ്ങളിൽ  വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. നടക്കാവ് തോപ്പയിൽ സ്വദേശി ഇംതിയാസിനെ(38) വെള്ളയിൽ പൊലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തത്. 1.530 കിലോ ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.           

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ആന്‍റി നാർക്കോട്ടിക്ക് സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി പ്രദേശവാസികളായ പലരെയും പൊലീസ് നിയോഗിച്ചിരുന്നു.

ശനിയാഴ്ച്ച രാത്രി ഗാന്ധി റോഡ് ഭാഗത്തുനിന്ന് വെള്ളയിൽ ഭാഗത്തേക്ക് കഞ്ചാവടങ്ങിയ കവറുമായി ഇയാൾ നടന്നു പോകുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തോപ്പയിൽ ഭാഗത്ത് വെച്ച് പൊലീസ് ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ  കവറിൽ 1.530 കിലോഗ്രാം കഞ്ചാവും വലിയ ആവശ്യക്കാർക്ക് തൂക്കം നോക്കി കഞ്ചാവ് വിൽപന നടത്താൻ സൂക്ഷിച്ച ഇലക്ട്രോണിക് ത്രാസും പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. 

തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കോഴിക്കോട്ടെത്തിക്കുന്നതെന്നും  വർഷങ്ങളായി ലഹരിക്ക് അടിമയായ ഇയാൾ അതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് കച്ചവടത്തിലേക്ക് കടന്നതെന്നും  ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.   ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ലഹരി മാഫിയക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും  പൊലീസ് പറഞ്ഞു.

വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ധനഞ്ജയദാസിന്‍റെ നേതൃത്വത്തിൽ വെളളയിൽ സ്റ്റേഷനിലെ എ എസ് ഐ അജിത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ  സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ മുക്കി ദാസ് ഡൻസാഫ് സ്ക്വാഡ്‌ അംഗങ്ങളായ ജോമോൻ കെ എ നവീൻ എൻ, രതീഷ് എം കെ, രജിത്ത് ചന്ദ്രൻ, സുമേഷ് എ വി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇംതിയാസിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.