തിരുവനന്തപുരം: തുറന്ന് കിടന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി ഓടിയ ഒന്നര വയസ്സുകാരി ബൈക്കിടിച്ച് മരിച്ചു. ബാലരാമപുരം കാവിൻപുറം വൈഷ്ണവത്തിൽ രതീഷ് –ആര്യ ദമ്പതികളുടെ ഇളയ മകൾ നക്ഷത്ര(ഒന്നര)ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവമെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു.

വീട്ടുകാരുടെ ശ്രദ്ധ മാറിയ സമയം തുറന്ന് കിടക്കുകയായിരുന്ന ഗേറ്റ് കടന്ന് കുട്ടി റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ റോഡിലൂടെ പോയ ബൈക്ക് കുഞ്ഞിനെ ഇടിച്ചു. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ കുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. കൊവിഡ്‌ പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.