പത്തനംതിട്ട വള്ളിക്കോട് അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. ഞായറാഴ്ച വൈകിട്ടുണ്ടായ തർക്കത്തിനൊടുവിലാണ് പ്രതിയായ ശ്രീജേഷ് മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയത്.

പത്തനംതിട്ട: അയൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നുകേസിന് ആസ്പദമായ സംഭവം. അയൽവാസിയായ യുവാവിന്റെ വീടിനു മുന്നിലെത്തി ശ്രീജേഷ് കൊലവിളി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.

തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഇയാൾ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം കൊണ്ട് യുവാവിനെയും ഒപ്പം ഉണ്ടായിരുന്ന പിതാവിനെയും മാരകമായി ആക്രമിച്ചത്. തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണശേഷം പ്രതി ഒളിവിൽ പോയി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ G, SI (SHO)അനീഷ് എബ്രഹാം, SI രഞ്ജിത്, CPO മാരായ അനീഷ്, മിഥുൻ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.