ഇടുക്കി: മൂന്നാറിലുണ്ടായ രണ്ട് വാഹനപകടത്തില്‍ ഒരാള്‍ മരിക്കുകയും നവ ദമ്പതിമാര്‍ക്കടക്കം അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുണ്ടുമലയില്‍ തൊഴിലാളികളെ ഇറക്കിവിട്ട ശേഷം മൂന്നാറിലേക്ക് മടങ്ങവെ ഓട്ടോ മറിഞ്ഞാണ് ഡ്രൈവര്‍ മരിച്ചത്. മൂന്നാര്‍ ലക്ഷം വീട് കോളനിയില്‍ ജെ ശങ്കരാണ് (45) മരിച്ചത്. പുലര്‍ച്ചെയായിരുന്നു അപകടം. 

അഞ്ച് മണിയോടെ മൂന്നാറിലേക്ക് ജോലിക്ക് പോകാന്‍ വാഹനത്തിലെത്തിയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ഡ്രൈവറെ മൂന്നാര്‍ ജനറല്‍ ആശുപ്ത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാളെ പോസ്റ്റുമോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. ഭാര്യ. വിജി, മക്കള്‍: അരവിന്ദന്‍, ഗായത്രി. 

മൂന്നാറില്‍ വിനോദത്തിനെത്തിയ നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ സിഗ്നല്‍ പോയിന്‍റിന് സമീപം തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുമായി കുട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഇടിയില്‍ കാര്‍ പൂര്‍ണ്ണമായി തകന്നു. കാറിലുണ്ടായിരുന്ന മലപ്പുറം തിരുവലങ്ങാടി പാങ്ങാട്ട് വീട്ടില്‍ ഫൈസല്‍ - ജെറീന ദമ്പതികള്‍ക്ക് പരിക്കേറ്റു.

ഫൈസലിന് കാലിനും ജെറീനയ്ക്ക് തലയ്ക്കും കാലിനും പരിക്കുണ്ട്. ഫൈസലിനെ വിദഗ്ദ ചികില്‍സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. ബസിലുണ്ടായിരുന്ന മുനിയസ്വാമി, നരേന്ദ്രന്‍, വരദരാജന്‍ എന്നിവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമിക ചികില്‍സ നല്‍കിയതിന് ശേഷം വിട്ടയച്ചു.