കല്‍പ്പറ്റ: പൊതുവിപണിയില്‍ നെല്ലിന് വേണ്ടത്ര വില ലഭിക്കാത്തതിനാല്‍ വയനാട്ടിലെ കര്‍ഷകര്‍ ദുരിതത്തില്‍. മട്ട നെല്ലിന് ക്വിന്റലിന് 1,500 രൂപ മാത്രമാണ് പൊതുവിപണികളിലെ വില. അതേ സമയം ഉല്‍പ്പാദനചെലവ് കുതിച്ചുയരുമ്പോഴും നെല്ലിന്റെ വില അതേ അനുപാതത്തില്‍ വര്‍ധിക്കുന്നില്ല. 

സപ്ലൈകോ കിലോ 25 രൂപ നിരക്കില്‍ സംഭരിക്കുന്നത് മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആശ്വാസമേകുന്നത്. അതിനിടെ ജില്ലയിലെ ചില സ്ഥലങ്ങളില്‍  ഇടനിലക്കാര്‍ കുറഞ്ഞ വിലക്ക് നെല്ല് സംഭരിച്ച് സപ്ലൈകോ വഴി മറിച്ച് വിറ്റ് മുതലെടുപ്പ് നടത്തുന്നതായും പരാതിയുണ്ട്. നെല്ലിന് വിലയില്ലാത്തത് ചെറുകിട കര്‍ഷകരെയാണ് കൂടുതലും വെട്ടിലാക്കിയിരിക്കുന്നത്. 

കര്‍ഷകര്‍ കൃഷി ചെലവ് കണ്ടെത്തിയിരുന്നത് നെല്ല് വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നായിരുന്നു. എന്നാല്‍ വിലക്കുറവ് കാരണം കടംവാങ്ങി കൃഷിയിറക്കേണ്ട ഗതികേടിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വൈക്കോല്‍ വിറ്റാണ് പലരും ഭാരിച്ച ചെലവുകള്‍ വഹിക്കുന്നത്. യന്ത്രം ഉപയോഗിച്ച് കൊയ്യുന്നതിനാല്‍ വൈക്കോല്‍ പൂര്‍ണമായും എടുക്കാന്‍ കഴിയുന്നില്ല. പകുതിയും പാടത്ത് തന്നെ നഷ്ടപ്പെടുകയാണ്. 

സപ്ലൈകോയുടെ നെല്ല് സംഭരണം ജില്ലയില്‍ പുരോഗമിക്കുന്നു. ഇതുവരെ 1,098 ടണ്‍ നെല്ലാണ് സംഭരിച്ചിരിക്കുന്നത്. 380 കര്‍ഷകരില്‍ നിന്നാണ് ഇതുവരെയായി നെല്ല് സംഭരിച്ചിരിക്കുന്നത്. 1,463 ഹെക്ടര്‍ കൃഷിയിടത്തിലെ 2,224 കര്‍ഷകരാണ് നെല്ല് വില്‍പ്പനക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാനന്തവാടി താലൂക്കില്‍ 29 കര്‍ഷകരില്‍ നിന്ന് 97,305 കിലോ നെല്ലും സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ നിന്ന് 342 കര്‍ഷകരില്‍ നിന്ന് 9,59,848 കിലോ നെല്ലും സംഭരിച്ചു. വൈത്തിരി താലൂക്കില്‍ 41,151 കിലോ നെല്ലാണ് സംഭരിച്ചത്.