കോഴിക്കോട്: ഒരു മാവിൽ പത്ത് തരം മാമ്പഴങ്ങൾ. ആർക്കെങ്കിലും വിശ്വസിക്കാൻ കഴിയില്ലെങ്കിൽ ഇത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് ചെറുവറ്റ താഴെ മണ്ണാറക്കൽ ശിവരാജൻ. രണ്ടടി ഉയരം മാത്രമുള്ള ഒരു മാവിൽ നിന്നും വിവിധ രുചികളിലുള്ള വിവിധ വലുപ്പങ്ങളിലുള്ള മാമ്പഴങ്ങൾ കഴിക്കാൻ അവസരം ഒരുക്കുകയാണ് ഓട്ടോ ഡ്രൈവർ കൂടിയായ ശിവരാജൻ.

ഒൻപത് വർഷമായി ഇദ്ദേഹം വീട്ടിന്റെ ടെറിസിലും സമീപത്തുമായി മാവുകൾ ഗ്രാഫ്റ്റ് ചെയ്ത് കൃഷി ചെയ്യാൻ തുടങ്ങുന്നത്. ഇന്ന് ബെനറ്റ് അൽഫോൻസ, നാസി പസന്ത്, ഒളോർ, കാലാപാടി, ക്യൂയോസവോയ്, ചന്ദ്രകാരൻ, കർപൂര മാങ്ങ, മലയൻ ഉൾപ്പെടെ പ്രാദേശികമായ ഇനങ്ങൾ അടക്കം പത്ത് മാവ് ഇനങ്ങളാണ് ഗ്രാഫ്റ്റ് ചെയ്ത് ഇദ്ദേഹം വിജയിച്ചത്.

ഇതിന് പുറമെ ഉദാത്ത്, മൽഗോവ, ഹീമാപസന്ത്, ബംഗനപള്ളി, റുമാനി, ആപ്പിൾ റൂണി, രാജ, ബ്ലാക്ക് ആന്റ് റോസ്, കെശേരി തുടങ്ങിയ അമ്പതോളം മാമ്പഴ ഇനങ്ങൾ വിവിധ തൈകളിൽ ശിവരാജൻ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. മഴക്കാലത്ത് ഒഴികെ എപ്പോഴും ഇദ്ദേഹത്തിന്റെ മാവുകളിൽ നിന്നും പഴുത്ത മാങ്ങകൾ ലഭിക്കും. വലിയ മരമായ ശേഷം മാത്രം മാങ്ങയുണ്ടാകുന്ന ഒളോർ ഇനത്തിൽ പ്പെട്ട മാവ് ഗ്രാഫ്റ്റ് ചെയ്തതോടെ മൂന്നടി മാത്രം വലുതായപ്പോൾ മൂന്നാം വർഷത്തിൽ മാങ്ങ ഉണ്ടായതായി ശിവരാജൻ പറയുന്നു.

പല ക്ലാസുകളിൽ നിന്നും ശാസ്ത്രീയമായി ഗ്രാഫ്റ്റിങ് പഠിച്ച ശേഷമാണ് ശിവരാജൻ മേഖലയിൽ സജീവമാകുന്നത്. മാവിന് പുറമെ കുരുമുളകുകളിലും സ്റ്റോൺ ഗ്രാഫ്റ്റിങ്, അപ്രോച്ച് ഗ്രാഫ്റ്റിങ് എന്നിവ നടത്തിയാണ് ശിവരാജന്റെ കൃഷി രീതി.പെപ്പർ തെക്കെൻ ഉൾപ്പെടെയുള്ള മുളക് ഇനങ്ങളാണ് ഗ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. പപ്പായ ലെയർ ചെയ്തും ശിവരാജൻ വിജയം തേടിയിട്ടുണ്ട്. സ്വയം നിർമ്മിച്ച ചട്ടികളിലും ഗ്രോ ബാഗുകളിലുമാണ് മാവും കുരുമുളകും ഗ്രാഫ്റ്റ് ചെയ്യുന്നത്.

പച്ച ചാണകം, പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് ഇദ്ദേഹം കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. വിവിധ വർണ്ണചെടികളും ഇദ്ദേഹം പരിപാലിച്ച് വളർത്തുന്നുണ്ട്. പലതരം ഓർക്കിഡ്, ആന്തൂറിയം, ചൈനീസ് അംഗ്ലോണിമ, സ്റ്റാഗോൺ തുടങ്ങിയ ചെടികളാണ് ഇദ്ദേഹത്തിന്റെ 'ധന്യം' വീടിന്റെ മുറ്റത്ത് നിറഞ്ഞിരിക്കുന്നത്. ശിവരാജന് ഭാര്യ നിഷയും മക്കളായ അതുൽ , അഭയ് എന്നിവരും കൃഷിയ്ക്ക് എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. വിവിധ തരം മാമ്പഴ, കുരുളക് തൈകൾ സ്വന്തമാക്കാൻ നിരവധി പേരാണ് എത്തുന്നത്.