കോഴിക്കോട്: കുന്ദമംഗലം പെരിങ്ങോളം എം.എൽ.എ റോഡിൽ നിന്നും ബൈക്ക് യാത്രക്കാരന്‍റെ പണം കവർന്ന നാലംഗ സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അഫ്സൽ ( 33 )നെയാണ് കഴിഞ്ഞ ദിവസം കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറസ്റ്റ് ചെയ്തത്.  ടി.വി വാങ്ങുന്നതിനായി നഗരത്തിലെ കടയിലേക്ക് പോവുകയായിരുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി അബ്ദുൾ നാസറിന്‍റെ പണമാണ് കാറിലെത്തിയ നാലംഗ സംഘം പിടിച്ചു പറിച്ചു കൊണ്ടുപോയത്. 19000 രൂപയാണ് സംഘം കവർന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി രാജേഷിനെ പോലീസ് അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കോഴിക്കോട് സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത് ദാസ് ഐ.പി.എസിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മറ്റു പ്രതികൾക്കായി അന്വേഷണം നടത്തി വരികയും ആയിരുന്നു. 

സംഭവ ദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന അഫ്സൽ ആലപ്പുഴയിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച അന്വേഷണ സംഘം അവിടെ എത്തുകയും വീടിന്‍റെ സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയുമായിരുന്നു. കേസിലുൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്കെതിരെ   അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

ഡിസി പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ നടക്കാവ് സബ്ബ് ഇൻസ്പെക്ടർ കൈലാസ് നാഥ് എസ് ബി, എ.എസ്.ഐ  
ഒ മോഹൻദാസ്, സീനിയർ സി പി ഒ മാരായ ഹാദിൽ കുന്നുമ്മൽ, ഷാലു,സി പി ഒ മാരായ ശ്രീജിത്ത് പി, ഷഹീർ പി.ടി, സുമേഷ് എ.വി എന്നിവരോടൊപ്പം കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എഎസ് ഐ അബദുൾ റഹിമാനും അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.