മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തനായി. മെയ് 21 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശിയായ 21 കാരനാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. ഇയാളെ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കകയാണ്.

ക്വലാലംപൂരിൽ നിന്ന് മെയ് 10 ന് കൊച്ചി വഴിയാണ് കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി നാട്ടിലെത്തിയിരുന്നത്. കോവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങളെ തുടർന്ന് മെയ് 20 ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു. തുടർ നിരീക്ഷണങ്ങൾക്കു ശേഷം വൈകാതെ ഇയാൾ വീട്ടിലേക്ക് മടങ്ങും.