രണ്ടായിരത്തിപ്പതിനെട്ട് മാര്‍ച്ച് പതിനൊന്നിനാണ് കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ കൊളുക്കുമലയുടെ അടിവാരത്തുള്ള കൊരങ്ങണി മലയിലേയ്ക്ക് ചെന്നൈയില്‍ നിന്നും ട്രക്കിംഗിനായി നാല്‍പ്പതംഗ സംഘം എത്തുന്നത്. 

ഇടുക്കി: രാജ്യത്തെ തന്നെ നടുക്കിയ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ കുരങ്ങണിയില്‍ ഇരുപത്തിയെട്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാട്ടുതീ ദുന്തത്തിന് ഒരു വയസ്. ഒരു വര്‍ഷം പിന്നിടുമ്പോളും ഞെട്ടലോടെയാണ് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. 

രണ്ടായിരത്തിപ്പതിനെട്ട് മാര്‍ച്ച് പതിനൊന്നിനാണ് കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ കൊളുക്കുമലയുടെ അടിവാരത്തുള്ള കൊരങ്ങണി മലയിലേയ്ക്ക് ചെന്നൈയില്‍ നിന്നും ട്രക്കിംഗിനായി നാല്‍പ്പതംഗ സംഘം എത്തുന്നത്. ഉച്ചയോടെ ട്രക്കിംഗ് നടത്തി ഇവര്‍ തിരിച്ച് മലയിറങ്ങുന്ന സമയത്താണ് നാല് വശത്തുനിന്നും കാട്ടുതീ പടര്‍ന്ന് കയറിയത്. 

തീയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ചിതറിയോടിയ സംഘത്തിലെ ഭൂരിഭാഗം വരുന്ന ആളുകള്‍ക്കും കാര്യമായി പൊള്ളലേറ്റു. ഇരുപത്തിയെട്ടോളം പേര്‍ പല ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങി. ഇതില്‍ എട്ടുപേര്‍ സംഭവ സംഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഹെലികോപ്ടര്‍ അടക്കമുള്ള എല്ലാവിധ സംവിധാനങ്ങളും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും തീയണച്ചതും. 

ദുരന്തമുണ്ടായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ വനംവകുപ്പിന്റെ അനുമതിയോടെ നിരവധി സഞ്ചാരികള്‍ ഇവിടേയ്ക്ക് ട്രക്കിംഗിനായി എത്തുന്നുണ്ടെങ്കിലും കുരങ്ങണി മലനിരയിലേയ്ക്ക് കടന്നുചെല്ലാന്‍ പ്രദേശവാസികള്‍ മടിയ്ക്കുകയാണ്. നിലവില്‍ പച്ചപ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന കുരങ്ങണി മലനിര വേനല്‍ കടുത്തതോടെ വീണ്ടും തെരുവപ്പുല്ലുകള്‍ ഉണങ്ങി കരിഞ്ഞ് കാട്ടുതീ ഭീഷണി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇനിയൊരു കാട്ടുതീ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നു.