മാലിന്യനിര്‍മ്മാര്‍ജ്ജത്തിനായി മാത്രം കോടികള്‍ ചിലവഴിച്ചിരുന്ന സമയത്താണ് മൂന്നാറിനെ മാലിന്യവിമുക്തമാക്കാന്‍ ഹില്‍ദ്ദാരിയെന്ന സംഘടന എത്തുന്നത്.

ഇടുക്കി: മൂന്നാറിനെ മാലിന്യവിമുക്തമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ഹില്‍ദ്ദാരിക്ക് ഒരുവയസ്. 67 ശതമാനം വീടുകളില്‍ ഹില്‍ദ്ദാരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂന്നാറിനെ മാലിന്യവിമുക്തമാക്കാന്‍ സഹായകരമായി. ഒരുകാലത്ത് മൂന്നാറിന്‍റെ ശോഭ കെടുത്തിയ മാലിന്യങ്ങള്‍ പഞ്ചായത്തിന് എന്നും തലവേദയാണ് സ്യഷ്ടിച്ചിരുന്നത്.

മാലിന്യനിര്‍മ്മാര്‍ജ്ജത്തിനായി മാത്രം കോടികള്‍ ചിലവഴിച്ചിരുന്ന സമയത്താണ് മൂന്നാറിനെ മാലിന്യവിമുക്തമാക്കാന്‍ ഹില്‍ദ്ദാരിയെന്ന സംഘടന എത്തുന്നത്. നെസ്ലെയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പഞ്ചായത്തുമായി സഹകരിച്ച് മൂന്നാറിനെ ശുചീകരിക്കുകയെന്ന വലിയ ദൗത്യമാണ് ഹില്‍ദ്ദാരിയെന്ന സംഘടന ഏറ്റെടുത്തത്. 

ഇതിനായി ദ്രുതകര്‍മ്മസേനയെന്ന പേരില്‍ 19 പേരടങ്ങുന്ന സംഘത്തിന് സംഘടന രൂപം നല്‍കി. വീടുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തി. അവിടെയുള്ള ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് കല്ലാറിലെത്തിച്ച് അത് സര്‍ക്കാരിന് ലാഭം കണ്ടെത്തുന്ന പദ്ധതിയാക്കി മാറ്റി. ഒരുവര്‍ഷംകൊണ്ട് 67 ശതമാനം വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം നടത്തുവാന്‍ ഹില്‍ദ്ദാരിക്ക് കഴിഞ്ഞു. 

കല്ലാര്‍ ഡബ്ബിംങ്ങ് യാര്‍ഡില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍ സമയബന്ധിതമായി തരംതിരിച്ച് മാറ്റുന്നതോടൊപ്പം ടണ്‍ കണക്കിന് എത്തുന്ന മാലിന്യങ്ങള്‍ വളമായി മാറ്റുന്നതിനും ശുചിത്വമിഷനുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യറാക്കി. അത് നൂറുശതമാനം വിജയമാക്കി മാറ്റുന്നതിനും സംഘടയ്ക്ക് കഴിഞ്ഞു. ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ വാര്‍ഷീക ആഘോഷങ്ങള്‍ ദേവികുളം എംഎല്‍എ അഡ്വ. എ രാജ നിര്‍വ്വഹിച്ചു. മൂന്നാറിന്‍റെ ശോഭ വര്‍ദ്ധിപ്പിക്കുവാന്‍ സംഘടന നടത്തിയ ഇടപെടല്‍ പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.