ആലപ്പുഴ: മണലില്‍ ഉള്ളികൃഷിയിലൂടെ നേട്ടമുണ്ടാക്കി യുവ കര്‍ഷകന്‍. ചേര്‍ത്തല ചെറുവാരണം സ്വാമിനികര്‍ത്തില്‍ എസ് പി സുജിത്താണ്  കരപ്പുറത്തെ പഞ്ചാര മണലില്‍ ഉള്ളി കൃഷി നടത്തി നേട്ടമുണ്ടാക്കിയത്. ചേര്‍ത്തല മതിലകം പ്രത്യാശ കേന്ദ്രത്തിലാണ് പാട്ടത്തിനൊടുത്ത അര ഏക്കര്‍ ഭൂമിയില്‍ ഉള്ളി കൃഷി നടത്തി.

36 കിലോ ഉള്ളി വിത്ത് പാകി. ഏകദേശം 500 കിലോ ഉള്ളി വിളവെടുത്തു. മണ്ണ് ഇളക്കി അടിവളമായി ചാണക പൊടിയും കോഴിവളവും പച്ചില കമ്പോസ്റ്റും ചേര്‍ത്ത് തടം ഉണ്ടാക്കി രണ്ടാഴ്ച നനച്ച് തണുത്ത ശേഷമാണ് ഉള്ളി നട്ടത്. മണ്ണിന് മുകളില്‍ ഉള്ളി കാണും വിധം നടണം. മാര്‍ക്കറ്റില്‍ നിന്ന് തന്നെ ഉണങ്ങിയ മൂത്ത ഉളളി വാങ്ങി നട്ടാല്‍ മതി. ഈര്‍പ്പം നിലനില്‍ക്കുന്ന വിധം ജലസേചനം നടത്തണം. ഉള്ളി നട്ട് 65 - 70 ദിവസം വിളവെടുപ്പ് നടത്താം.വളര്‍ന്ന ശേഷം കൂടുതല്‍ ജലസേചനം പാടില്ല. ഉള്ളി അഴുകി പോകാതെ നോക്കിയാല്‍ മാത്രം. ഇടവിളയായി ചീരയും നട്ടു. തടത്തില്‍ നടുന്ന ചീരയ്ക്ക് മികച്ച വിളവ് കിട്ടി. 25-30  ദിവസം കൊണ്ട് ചീര പാകമായി.

ഇലയോട് കൂടി ഉളളി 60 രൂപയ്ക്കാണ് സുജിത്ത് വില്‍ക്കുന്നത്. 2012ലെ മികച്ച യുവ കര്‍ഷകനുളള പുരസ്‌കാരം നേടിയ സുജിത്ത് 15 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പാവല്‍, പടവലം, പീച്ചില്‍, വഴുതന, തണ്ണിമത്തന്‍, വെളളരി, പച്ചമുളക് എന്നി ഇനങ്ങളാണ് കൃഷി ചെയ്യുന്ന. മറ്റ് പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളി കൃഷി ആദായകരമാണെന്ന് സുജിത്ത് പറഞ്ഞു.