ഓൺലൈൻ കാർ വിൽപ്പന തട്ടിപ്പിൽ 20 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവിന് പാലക്കാട് സൈബർ സെല്ലിന്റെ സഹായത്തോടെ പണം തിരികെ ലഭിച്ചു.
പാലക്കാട്: ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 20 ലക്ഷം രൂപ പാലക്കാട് സൈബർ സെല്ലിന്റെ സഹായത്തിലൂടെ തിരികെ ലഭിച്ച് യുവാവ്. അലനല്ലൂർ സ്വദേശിയായ ഋതിൻ നാരായണൻ എന്ന യുവാവിനാണ് പണം തിരികെ ലഭിച്ചത്. ഓൺലൈൻ വഴി സെക്കൻഡ് ഹാൻഡ് കാർ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം പണം കവർന്നത്.
തട്ടിപ്പിന് വിശ്വാസ്യത നൽകാനായി കാറിന്റെ ചിത്രങ്ങളും സർവീസ് ഹിസ്റ്ററിയും സംഘം യുവാവിന് അയച്ചുനൽകി. ആദ്യഘട്ടത്തിൽ 50,000 രൂപ അഡ്വാൻസ് നൽകിയ ഋതിൻ, പിന്നീട് വാഹനം വാങ്ങാനായി ദില്ലിയിലെത്തുകയും ഓൺലൈൻ വഴി ബാക്കി പണം നൽകുകയും ചെയ്തു.
എന്നാൽ പണം കൈപ്പറ്റിയതിന് ശേഷം തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. തുടർന്ന് ഋതിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൈബർ സെൽ ഉടൻ തന്നെ വ്യാജ അക്കൗണ്ട് മരവിപ്പിച്ചു. ഇതിലൂടെയാണ് നഷ്ടപ്പെട്ട 20 ലക്ഷം രൂപ യുവാവിൻ്റെ അക്കൗണ്ടിലേക്ക് തിരികെ എത്തിച്ചത്.
