ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ് കേസുകൾ; രണ്ട് യുവാക്കൾ അറസ്റ്റിൽ
മാന്നാറിലെ മുതിർന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ആലപ്പുഴ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഹമ്മദ് മിസ്ഫിർ പിടിയിലായത്
ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിലുള്ള രണ്ട് സൈബർ തട്ടിപ്പ് കേസുകളിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി കരുവൻപൊയിൽ കൊടുവള്ളി മുനിസിപ്പൽ 18-ാം വാർഡിൽ പടിഞ്ഞാറെ തൊടിയിൽ വീട്ടിൽ മുഹമ്മദ് മിസ്ഫിർ (20) കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടോട്ട് പൊയിൽ വീട്ടിൽ ജാബിർ (19) എന്നിവരാണ് പിടിയിലായത്.
മാന്നാറിലെ മുതിർന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ആലപ്പുഴ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഹമ്മദ് മിസ്ഫിർ പിടിയിലായത്. വെൺമണിയിലെ യുവാവിന് 1.3 കോടി നഷ്ടപ്പെട്ട സംഭവത്തിൽ വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തന്‍റെ അമ്മയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങൾ പിൻവലിപ്പിച്ച് തട്ടിപ്പുകാർക്ക് കൈമാറിയതിനാണ് ജാബിർ അറസ്റ്റിലായത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സുനിൽരാജിന്റെ നേതൃത്വത്തിൽ എസ് ഐമാരായ അഗസ്റ്റിൻ വർഗീസ്, എ സുധീർ, എ എസ് ഐ ഹരികുമാർ, എസ് സി പി ഒ ബൈജു മോൻ, സി പി ഒ നസീബ് എൻ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ജാബിറിനെ ചെങ്ങന്നൂർ ജ്യുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിലും മിസ്ഫിറിനെ ആലപ്പുഴ സിജെഎം കോടതിയിലും ഹാജരാക്കി. ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം