ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു പോലീസ് ‘ഓപ്പറേഷൻ റോമിയോ’ നടത്തിയത്. പോലീസ് വേഷം മാറി നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്തവരെ കയ്യോടെ പിടികൂടുകയായിരുന്നു. 

തിരുവനന്തപുരം: സിറ്റി പൊലീസ് നടത്തിയ ‘ഓപ്പറേഷൻ റോമിയോയിൽ’ 89 പൂവാലന്മാരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ സ്കൂൾ, കോളജ്, പരിസരങ്ങളിൽ പെൺകുട്ടികളെ ശല്യം ചെയ്തവരാണു പിടിയിലായത്. തിരക്കുള്ള സമയങ്ങളിൽ വിദ്യാലയങ്ങളുടെ സമീപത്തും ബസ് സ്റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരമാണു നടപടി. ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. 

ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു പോലീസ് ‘ഓപ്പറേഷൻ റോമിയോ’ നടത്തിയത്. പോലീസ് വേഷം മാറി നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്തവരെ കയ്യോടെ പിടികൂടുകയായിരുന്നു. വിമന്‍സ് കോളേജും, കോട്ടണ്‍ഹില്‍, ഹോളിഏഞ്ചല്‍സ് ഉള്‍പ്പെടുന്ന മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിയത്. ഇവിടെ നിന്ന് രണ്ടു ദിവസങ്ങളിലായി 10 പേര്‍ അറസ്റ്റിലായി. 

മെഡിക്കല്‍ കോളേജ്, നേമം സ്റ്റേഷന്‍ പരിധിയില്‍ നിന്നും 8 പേര്‍ വീതം പിടിയിലായി. വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 7 പൂവാലന്മാരെ അറസ്റ്റു ചെയ്തു. ശ്രീകാര്യം പോലീസ് 6 പേരെ പിടികൂടിയതായും സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് അറിയിച്ചു. വനിത പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ വേഷം മാറിയാണ് ഓപ്പറേഷൻ റോമിയോയിൽ പങ്കെടുത്തത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ഓപ്പറേഷൻ നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ആദിത്യ, സബ് ഡിവിഷന്‍ എ.സി മാര്‍, സി.ഐ മാര്‍, എസ്.ഐ മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.