എഴുമറ്റൂർ സ്വദേശി സുമിത് മോഹനനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ എംഡിഎംഎയുമായി അറസ്റ്റിലായ ഷർഫിൻ സെബാസ്റ്റ്യനെ ചോദ്യം ചെയ്തതിൽ നിന്നാണ് എഴുമറ്റൂർ സ്വദേശി സുമിത് മോഹനനെക്കുറിച്ച് വിവരം ലഭിച്ചത്.
പത്തനംതിട്ട: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ കൂട്ടാളിയും അറസ്റ്റിൽ. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയും വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായ ഷർഫിൻ സെബാസ്റ്റ്യൻ നേരത്തെ എംഡിഎംഎയുമായി അറസ്റ്റിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിലെ കൂട്ടാളിയായ എഴുമറ്റൂർ സ്വദേശി സുമിത് മോഹനനെ (37) കുറിച്ച് വിവരം കിട്ടിയത്. എറണാകുളം കളമശ്ശേരിയിൽ നിന്നാണ് സുമിത് മോഹനനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് ഷർഫിൻ സെബാസ്റ്റ്യനില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ലഹരി വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പ്രതിയുടെ പക്കൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടന്ന ഈ ലഹരി കടത്തിനെക്കുറിച്ച് പെരുമ്പെട്ടി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
