Asianet News MalayalamAsianet News Malayalam

അം​ഗീകാര നിറവിൽ വീണ്ടും ആലപ്പുഴ നഗരസഭ; അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം

 ഈ യോഗത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നുമാണ് ആലപ്പുഴ. 
 

Opportunity to participate in International Zero Waste Cities Conference alappuzha muncipal corporation
Author
First Published Jan 23, 2023, 2:45 PM IST

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ശുചിത്വപദ്ധതികൾക്ക് വീണ്ടും അംഗീകാരം. മാലിന്യസംസ്കരണരീതി ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണിത്. ഫിലിപ്പീൻസിലെ മനിലയിൽ 26, 27 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ പങ്കെടുക്കാൻ നഗരസഭ അധ്യക്ഷ സൗമ്യരാജിന് ക്ഷണം കിട്ടിയതാണ് ഒടുവിലത്തെ അംഗീകാരം. ഈ യോഗത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നുമാണ് ആലപ്പുഴ. 

92 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആയിരത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഗയ ഏഷ്യ-പസഫിക്കാണ് സംഘാടകർ. 2015ൽ പാരീസിൽ നടന്ന യോഗത്തിൽ ആലപ്പുഴയെ പ്രതിനിധാനം ചെയ്ത് ഡോ. ടി.എം. തോമസ് ഐസക് പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആലപ്പുഴയിലെ മാലിന്യസംസ്‌കരണ രീതി പഠിക്കാൻ എത്തിയിരുന്നു. ഒരു ലക്ഷം മുതൽ മൂന്നുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ രാജ്യത്ത് ഒന്നാമതെത്തുകയും പ്രഥമ ഇന്ത്യൻ ശുചിത്വ ലീഗ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

സ്വച്ഛ് സർവേക്ഷനിൽ കേരളത്തിൽ 2018 മുതൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനം നഗരസഭക്കായിരുന്നു. 2021ലെ സംസ്ഥാന സർക്കാറിന്റെ നവകേരള പുരസ്‌കാരം, 2021ൽ ചാത്തനാട് കോളനിയിൽ നിർമിച്ച ഡിവാട്‌സ് സംവിധാനത്തിന് സ്വച്ഛ് സർവേക്ഷന്‍റെ ബെസ്റ്റ് ഇന്നോവേഷൻ അവാർഡ്, 2018 മുതൽ തുടർച്ചയായി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അവാർഡ്, മികച്ച ഖരമാലിന്യ സംസ്‌കരണം നടത്തുന്ന നഗരത്തിനുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ പുരസ്‌കാരം എന്നിവയും നേട്ടങ്ങളുടെ പട്ടികയിലുണ്ട്.

യുണൈറ്റഡ് നേഷൻ എൻവയൺമെന്റ് ഖരമാലിന്യ സംസ്‌കരണത്തിൽ അന്തർദേശീയ തലത്തിൽ ലോകത്തെ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നായി ആലപ്പുഴയെ തെരഞ്ഞെടുത്തു. നഗരസഭ ശുചീകരണ തൊഴിലാളികൾ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതകർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സമ്പൂർണ ശുചിത്വ പദവി കൈവരിച്ച വാർഡുകൾ, ശുചിത്വ പദവികളികളിൽ നഗരസഭയോട് ചേർന്ന് പ്രവർത്തിക്കുന്ന കാൻ ആലപ്പി ടീം തുടങ്ങിയവരുടെ പ്രവർത്തനമാണ് ഇതിന് സഹായകരമായത്.

‘നിർമല ഭവനം, നിർമല നഗരം 2.0, അഴകോടെ ആലപ്പുഴ’ നഗരസഭയുടെ അഭിമാന പദ്ധതിയാണ്. വിവിധ മാർഗങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരമാലിന്യത്തെ വികേന്ദ്രീകൃത സംസ്‌കരണ മാർഗങ്ങളിലൂടെ സംസ്‌കരിച്ച് ജൈവവളമാക്കി കൃഷിക്ക് ഉപയുക്തമാക്കുന്ന രീതി, പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയെ ഉപയോഗിച്ച് ശേഖരിച്ച്, തരം തിരിച്ച് സംസ്‌കരണത്തിന് അയക്കുന്ന രീതി, മാലിന്യ നിക്ഷേപമില്ലാത്ത വൃത്തിയുള്ള പാതയോരങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ്. ഈ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയരുന്ന നഗരത്തിന് പുരസ്കാരം ലഭിച്ചത്.

ശുചിത്വ കാമ്പയിൻ ആദ്യം ഓരോ വീടുകൾ വൃത്തിയാക്കുന്നതിലാണ് കേന്ദ്രീകരിച്ചത്. തുടർന്ന് ഓരോ പ്രദേശവും ഓരോ വാർഡുകളിലെ ഓടകളും വൃത്തിയാക്കി പ്രധാന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും അതത് പ്രദേശത്തെ റെസിഡന്‍റ്സ് അസോസിയേഷൻ പ്രതിനിധികളും രാത്രികളിൽ സ്‌ക്വാഡ് പ്രവർത്തനങ്ങൾ നടത്തി ആളുകൾ റോഡിലേക്ക് മാലിന്യം തള്ളുന്ന പ്രവണത ഇല്ലാതായി. ഇതിനൊപ്പം ഓരോവാർഡുകളും സമ്പൂർണ ശുചിത്വ പദവിയും നേടി. വിവിധ പ്രദേശങ്ങളിൽ 450 ഖരമാലിന്യ കമ്പോസ്റ്റിങ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽനിന്ന് ഹരിതകർമ സേന അംഗങ്ങൾ പ്ലാസ്റ്റിക് തുടർച്ചയായി ശേഖരിക്കുന്നുണ്ട്. നഗരസഭക്കായി 17 കലക്ഷൻ സെന്ററുകളുണ്ട്. 

Follow Us:
Download App:
  • android
  • ios