2021 ഓഗസ്റ്റ് 31നാണ് അഭിയുടേയും മിന്നുവിന്‍റേയും അമ്മ പ്രഭയെ, ഭർത്താവ് സെൽവരാജ് കഴുത്തറുത്ത് കൊന്നത്. ക്യാൻസർ രോഗിയായ മൂത്ത മകൻ അഭിയുടെ ചികിത്സയ്ക്കും വീട്ടുചെലവിനും പ്രഭ ഓടിനടന്നു പണിയെടുക്കുമ്പോഴായിരുന്നു ദുരന്തം.
അമ്മയെ അച്ഛൻ കൊന്നതോടെ അനാഥരായ കുട്ടികൾക്ക് സുമനസ്സുകളുടെ സഹായം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ തിരുവനന്തപുരം നെടുമങ്ങാടുള്ള അഭിക്കും മിന്നുവിനും വീടായി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷനാണ് ഇവരുടെ സ്വപ്നം സാക്ഷാത്കരിച്ചത്.
സങ്കടകാലം പതിയെ ഒഴിയുകയാണ്. അഭിയും മിന്നുവും ആഗ്രഹിച്ചത് പോലെയൊരു വീടായി. രണ്ട് കിടപ്പ് മുറികളും അടുക്കളയുമുള്ള അടച്ചുറപ്പുള്ള ഒരു കൊച്ച് വീട്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതോടയാണ് ഫിലോകാലിയ ഫൗണ്ടേഷൻ ഈ കുരുന്നുകളെ തേടിയെത്തിയത്. 2021 ഓഗസ്റ്റ് 31നാണ് അഭിയുടേയും മിന്നുവിന്‍റേയും അമ്മ പ്രഭയെ, ഭർത്താവ് സെൽവരാജ് കഴുത്തറുത്ത് കൊന്നത്. ക്യാൻസർ രോഗിയായ മൂത്ത മകൻ അഭിയുടെ ചികിത്സയ്ക്കും വീട്ടുചെലവിനും പ്രഭ ഓടിനടന്നു പണിയെടുക്കുമ്പോഴായിരുന്നു ദുരന്തം.
അമ്മയുടെ ചിരിക്കുന്ന ചിത്രം നോക്കിയിരിക്കാനാണ് അഞ്ചുവയസ്സുകാരിയായ മിന്നുവിന് ഇപ്പോൾ ഏറ്റവും ഇഷ്ടം. വീട് കിട്ടിയ സന്തോഷത്തിലും അമ്മയില്ലാത്തതിന്റെ ദുഖം കുഞ്ഞുങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. അമ്മ നഷ്ടപ്പെട്ട കൊച്ചുമക്കളെയും കൊണ്ട് എവിടേക്ക് പോകുമെന്ന ആധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അമ്മൂമ്മ രാധയുള്ളത്.
നെയ്യാറ്റിൻകരയിലെ രാജൻ- അമ്പിളി ദമ്പതികളുടെ മക്കൾക്ക് വീട് വച്ച് നൽകിയതും ഫിലോകാലിയ ഫൗണ്ടേഷൻ തന്നെയാണ്. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് അഭി പറയുന്നു. കിണറ് വേണം. നല്ലൊരു മതിലും ഗേറ്റും വേണം. നന്നായി പഠിക്കണം. കടുംവെട്ട് വെട്ടി തോൽപ്പിക്കാൻ ശ്രമിച്ച ജീവിതത്തോട് കുരുന്നിലെ പോരാട്ടം തുടങ്ങിയിരിക്കുകയാണ് അഭിയും മിന്നുവും.

കുടുംബപ്രശ്നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞായിരുന്നു താമസം. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. രക്തം വാര്‍ന്നാണ് പ്രഭ മരിച്ചത്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണം. 10 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സെൽവരാജ് വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
