മാണിയംകാവ് സ്വദേശി മുട്ടത്തിച്ചാലിൽ നൗഷാദിന്റെ സ്ഥാപനത്തിൽ നിന്നാണ് പഴക്കമുള്ള മാംസം പിടിച്ചെടുത്തത്
തൃശൂർ : മാള അഷ്ടമിച്ചിറയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന അറവുശാലയിൽ സൂക്ഷിച്ച പഴകിയ മാംസം പിടികൂടി. മാള പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് 25 കിലോഗ്രാം പഴകിയ മാംസം കണ്ടെത്തിയത്. മാണിയംകാവ് സ്വദേശി മുട്ടത്തിച്ചാലിൽ നൗഷാദിന്റെ സ്ഥാപനത്തിൽ നിന്നാണ് പഴക്കമുള്ള മാംസം പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ദിവസങ്ങളോളം പഴക്കമുള്ള മാംസമാണ് കണ്ടെത്തിയതെന്നും ഇതേ സ്ഥാപനത്തിൽ മുൻപ് സമാനമായ കുറ്റകൃത്യത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി കെ.ജെ രാജു പറഞ്ഞു. ഫ്രീസറിൽ പ്ലാസ്റ്റിക് കവറുകളിലായും അല്ലാതെയുമാണ് മാംസം സൂക്ഷിച്ചിരുന്നത്. ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കാവുന്ന രീതിയിൽ പഴകിയ ഇറച്ചിയാണ് പിടിച്ചെടുത്തത്.

