ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 660-ലധികം വാണിജ്യ, ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ സിവില്‍ സപ്ലൈസ് പിടികൂടി. സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് ഭാരത് ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ സിലിണ്ടറുകള്‍ കണ്ടെത്തിയത്.  

തിരുവനന്തപുരം: തലസ്ഥാനത്ത് വാണിജ്യ സിലണ്ടറുകളുടെ വിതരണത്തിലുള്ള പ്രതിസന്ധി തുടരുന്നതിനിടെ ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. ഭാരത് ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ 660ലധികം വാണിജ്യ, ഗാര്‍ഹിക സിലിണ്ടറുകളാണ് സിവില്‍ സപ്ലൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. ആലംകോടിന് സമീപം പട്ടളയിലെ വിനോദ് ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടിച്ചെടുത്തത്.

സ്വകാര്യ ഗ്യാസ് വിതരണ കമ്പനി ഏജന്‍സിയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ സിലിണ്ടറുകള്‍ ഗ്യാസ് നിറച്ച് നല്‍കുന്നതായി സിവില്‍ സപ്ലൈസ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 500ലധികം വാണിജ്യ സിലിണ്ടറുകളും, 145 ചോട്ടു സിലിണ്ടറും, 20 ഗാര്‍ഹിക സിലിണ്ടറും പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഗ്യാസ് നിറക്കുന്ന സംവിധാനങ്ങള്‍ കണ്ടെത്തിയില്ലന്നാണ് വിവരം.

അതേസമയം, പിടിച്ചെടുത്ത സിലിണ്ടറുകള്‍ ഒഴിഞ്ഞതാണന്ന് പരിശോധനയില്‍ കണ്ടെത്തി. ഇവ സമീപത്തെ അതാത് ഏജന്‍സികളുടെ ഗോഡൗണിലേക്ക് മാറ്റിയശേഷം ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍ ഹോട്ടല്‍ മേഖലയില്‍ ഗ്യാസ് ക്ഷാമം വന്നപ്പോള്‍ സ്വകാര്യ ഗ്യാസായ സൂപ്പര്‍ ഗ്യാസ് വിതരണം ചെയ്യുകയും കൊടുത്ത സിലിണ്ടറിന് പകരം അവിടെയുണ്ടായിരുന്ന സിലിണ്ടര്‍ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗ്യാസ് ഏജന്‍സി ഉടമയുടെ വിശദീകരണം.