മലപ്പുറം: നാല് വർഷമായി പൂട്ടിക്കിടക്കുന്ന കാളികാവിലെ അൽസഫ ആശുപത്രി വിട്ട് നൽകാൻ തയ്യാറെന്ന് ഉടമകൾ. കാളികാവ് സിഎച്ച്സി അധികൃതർ പൂട്ടിക്കിടക്കുന്ന അൽസഫ ആശുപത്രി സന്ദർശിച്ചു. പരപ്പനങ്ങാടി സ്വദേശിയും സിസ്കൊ ചെയർമാനുമായ നിയാസ് പുളിക്കലകത്താണ് ആശുപത്രിയുടെ ഉടമ. 

പൂട്ടിക്കിടക്കുന്ന ആശുപത്രി കെട്ടിട സമുച്ഛയം വിൽപ്പന നടത്താനിരിക്കുകായിരുന്നു നിയാസ്. എന്നാൽ, അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പിന് വിട്ട് നൽകാൻ തയ്യാറാകുകയായിരുന്നു. ഓരോ പ്രദേശത്തും കൊവിഡ് - 19 രോഗം പിടിപെട്ടവർക്ക് വേണ്ടി ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാളികാവിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പൂട്ടിക്കിടക്കുന്ന അൽസഫ ആശുപത്രി സന്ദർശിച്ചത്. 

80 റൂമുകളും ഓപ്പറേഷൻ തിയേറ്ററുകളും ഐസിയുകളും, സിസിയുകളും ഉൾപ്പടെ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ളതാണ് കാളികാവിൽ പ്രവർത്തിച്ചിരുന്ന അൽസഫ ആശുപത്രി. 20 കിടക്കകൾ വീതമുള്ള ഏഴ് വാർഡുകളും അത്യാഹിത വിഭാഗവും ആശുപത്രിയിലുണ്ട്. ആധുനിക സംവിധാനമുള്ള അണുമുക്തമാക്കുന്ന സ്റ്റെറിലൈസിംഗ് മെഷീനുകളുള്ള യൂണിറ്റും ആശുപത്രിയിൽ പ്രവർത്തന സജജമാണ്. 

ഇടക്കിടെ ക്ലീനിംഗുകൾ നടത്തുന്നതിനാൽ ഇവിടെ പെട്ടന്ന് തന്നെ സൗകര്യങ്ങൾ ഒരുക്കാനാകും. വൈദ്യുതി ബന്ധം അധികൃതർ ഇടപെട്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കി. ബാക്കിയുള്ള പ്ലംബിംഗ് ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.