സ്ഥാപന ഉടമയ്ക്ക് തോന്നിയ സംശയമാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പൊലീസിനെ ഉടമ വിളിച്ചുവരുത്തുകയായിരുന്നു.

കോട്ടയം: കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി അക്ഷരനഗർ ഭാഗത്ത് പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ദിൽജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. വേളൂർ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദിൽജിത്ത്, സ്വർണ്ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പണയം വെയ്ക്കാന്‍ എത്തിയത്. എട്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണം പൂശിയ കമ്പിവള പണമിടപാട് സ്ഥാപനത്തില്‍ ദില്‍ജിത്ത് നൽകി. 31,000 രൂപയാണ് പണയം വെച്ച് തട്ടിയെടുക്കാൻ ശ്രമിച്ചത്. സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെ പോലീസിൽ വിവരം അറിയിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഒ പ്രശാന്ത് കുമാർ കെ.ആർ, എസ്. ഐ അജ്മൽ ഹുസൈൻ, സി.പി.ഒ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിൽജിത്തിനെതിരെ കോട്ടയം ഈസ്റ്റ്, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം,ആലപ്പുഴ, മുഹമ്മ, കിഴ് വായ്പൂർ എന്നീ സ്റ്റേഷനുകളിൽ സമാനമായ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. 

ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...