കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിയായ ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. ജോലിഭാരം കൊണ്ട് ഉണ്ടായ മാനസിക സംഘർഷത്തെത്തുടർന്നാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന. മൂന്നുമാസം തുടർച്ചയായി ജോലി ചെയ്തിട്ടും ഡോക്ടർക്ക് അവധി നിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഡോക്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പിജി അസോസിയേഷൻ ആരോപിച്ചു. അധികൃതരോടുള്ള പ്രതിഷേധ സൂചകമായി മെഡിക്കൽ കോളേജിലെ സൂപ്രണ്ടിന്‍റെ ഓഫീസിന് മുന്നിൽ പി ജി ഡോക്ടർമാർ ധർണ നടത്തി.

ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടർ മൂന്ന് മാസമായി വാർഡ് ഡ്യൂട്ടിയിലായിരുന്നു. മാസത്തിൽ 15 ദിവസം തുടർച്ചയായി നൈറ്റ് ഡ്യൂട്ടിയും 15 ദിവസം പകൽ ഡ്യൂട്ടിയും ഡോക്ടർ എടുത്തിരുന്നു. എന്നാൽ മാനുഷിക പരി​ഗണ പോലും നൽകാതെ മേധാവികളായ ഡോക്ടർമാർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണുണ്ടായത്. അടിമകളോട് എന്നപോലെയാണ് അദ്ദേഹത്തിന് നേരെയുള്ള മാനസിക പീഡനങ്ങൾ അരങ്ങേറിയതെന്നും പിജി അസോസിയേഷൻ ആരോപിച്ചു.

കൃത്യമായി ജോലി സമയം നിജപ്പെടുത്തുക, സഹപ്രവർത്തകന്റെ ആത്മഹത്യാശ്രമത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കുക, ഇരുപത്തിനാലും നാൽപ്പത്തിയെട്ടും മണിക്കൂറുകൾ നീളുന്ന ഡ്യൂട്ടികൾ അവസാനിപ്പിക്കുക, സീനിയർ ഡോക്ടർമാർ അവരുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവഹിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പിജി അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തുന്നത്.