ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് ജീവിത സുരക്ഷ നല്‍കാന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ച് ടൂറിസത്തെ തകര്‍ക്കാര്‍ ചില ലോബികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് ജീവിത സുരക്ഷ നല്‍കാന്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തൃശൂരില്‍ കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചാവക്കാട് ടൂറിസത്തിന് സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടാകും. തീരദേശമേഖലയെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പൊതു നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എന്‍.കെ.അക്ബര്‍ എം.എല്‍.എ അധ്യക്ഷനായി. ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയില്‍ 3.63 കോടി രൂപ വിനിയോഗിച്ചാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ നിരന്തര ശ്രമഫലമായാണ് കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനായതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 

തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശ്വാസമാകാന്‍ ഷെല്‍ട്ടര്‍ ഉപകരിക്കും. 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. പ്രദേശത്തെ ജനങ്ങളുടെ നിരവധി വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. നിലവില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നത്. സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും. 877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു (ബില്‍ഡിംഗ്‌സ്) നിര്‍മ്മാണ ചുമതല. ഗ്രൗണ്ട് ഫ്‌ളോറില്‍ ഡൈനിങ്ങ് ഹാള്‍, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളില്‍ 2 മുറികള്‍, വാഷ് ഏരിയ, 6 ടോയ്‌ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

വാക്കേറ്റം ആരംഭിച്ചത് 'ചേട്ടാ വിളി' തർക്കത്തിൽ; പിന്നാലെ വീടാക്രമണം, വധശ്രമം; യുവാവ് പിടിയിൽ

YouTube video player