പൊതുമരാമത്ത് റോഡുകളിൽ പകുതിയും ഉന്നത നിലവാരത്തിലെന്ന് മന്ത്രി; 'ജനങ്ങൾക്ക് പരിശോധിക്കാവുന്ന സംവിധാനം ഒരുക്കും'
റണ്ണിംങ് കോണ്‍ട്രാക്റ്റ് സംവിധാനത്തിലൂടെയുള്ള റോഡ് പരിപാലനം തുടര്‍ന്ന് കൊണ്ട് പോകുമെന്ന് മന്ത്രി.

തൃശൂര്‍: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ പകുതി റോഡുകളും ഉയര്‍ന്ന നിലവാരത്തിലെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,590 കിലോ മീറ്റര്‍ റോഡുകളില്‍ 16,456 കിലോ മീറ്റര്‍ റോഡുകളും ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്. റണ്ണിംങ് കോണ്‍ട്രാക്റ്റ് സംവിധാനത്തിലൂടെയുള്ള റോഡ് പരിപാലനം തുടര്‍ന്ന് കൊണ്ട് പോകുമെന്നും ജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി നഗരസഭയെയും മേലൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലുകുത്തി മുതല്‍ ഓള്‍ഡ് എന്‍എച്ച് വരെ നീളുന്ന റോഡ് ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള റോഡ് 2.62 കോടി രൂപ ചെലവിലാണ് ബി എം ആന്റ് ബി സി നിലാവാരത്തില്‍ നിര്‍മ്മിച്ചതെന്നും മന്ത്രി അറിയിച്ചു.
മേഖലാതല അവലോകന യോഗം നാളെ; ഒരുക്കങ്ങള്‍ വിലയിരുത്തി
തൃശൂര്‍: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാതല അവലോകന യോഗം നാളെ തൃശൂര്‍ കിഴക്കേ കോട്ടയിലെ ലൂര്‍ദ്ദ് ചര്‍ച്ച് ഹാളില്‍ നടക്കും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകന യോഗമാണ് നാളെ നടക്കുന്നത്. സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ 9.30 മുതല്‍ 1.30 വരെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകീട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫീസര്‍മാര്‍ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ അവലോകനവും നടക്കും. ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം, വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ ഉള്‍പ്പെടെ ജില്ലകളിലെ പ്രധാന വികസന - ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകള്‍ക്ക് ആവശ്യമായ പുതിയ പദ്ധതികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മൂന്ന് ജില്ലകളില്‍ നിന്നുള്ള കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും യോഗത്തില്‍ സംബന്ധിക്കും. ഒരുക്കങ്ങള്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ വിലയിരുത്തി.
കാരുണ്യ പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറില്ല: തീരുമാനം പിൻവലിച്ചു