ഒരു കിലോ നെല്ലിന് 35 രൂപയെങ്കിലും കിട്ടിയാലെ കർഷകന് നില നിൽപ്പുണ്ടാകൂ. പാട്ട ക‍‍ർഷകരെ സംബന്ധിച്ച് ഒരേക്കറിന് മിനിമം ഒരു ക്വിന്‍റലെങ്കിലും നെല്ല് കിട്ടിയാലേ എന്തെങ്കിലും ലാഭമുണ്ടാകൂവെന്നാണ് കർഷകർ പറയുന്നത്.

ആലപ്പുഴ: തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ നെൽക്കർഷകർ. പ്രകൃതിയോടും ഇല്ലായ്മകളോടും ഒരുപോലെ പടവെട്ടിയാണ് പല നെൽക്കർഷകരും ഇപ്പോഴും കൃഷി മുടക്കാതെ തുടരുന്നത്. നെല്ല് സംഭരണത്തിലെ വീഴ്ചയും നോക്കുകൂലി അടക്കമുള്ള പ്രശ്നങ്ങളും കൃത്യമായി പരിഹരിക്കാൻ സംവിധാനം വേണമെന്ന് അവർ ആവശ്യപ്പെടുന്നു. കൈനകരിയിലെ കാടുകയ്യാർ പാടത്തെത്തിയ ഏഷ്യാനെറ്റ് ലൗഡ് സ്പീക്കർ സംഘത്തോട് നെൽക്കർഷകർ മനസ് തുറന്നു.

ഏത് തെരഞ്ഞെടുപ്പ് കാലമാണെങ്കിലും ആലപ്പുഴയിലെ ജനങ്ങളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് കാർഷിക രംഗത്തെ പ്രശ്നങ്ങളാണ്. നെൽകൃഷിയും നെൽകർഷകരുടെ എണ്ണവും കുറ‌‌‌ഞ്ഞ് വരികയാണ്. പലിശക്ക് പണം വാങ്ങിയും, പണയം വെച്ചുമൊക്കെ പണം കണ്ടെത്തിയാണ് കൃഷി ചെയ്യുന്നത്. എന്നാൽ കുട്ടനാട്ടിലെ ക‍ർഷകരുടെ അവസ്ഥ മോശമാണെന്ന് ക‍ർഷകർ പറഞ്ഞു. ഒരു കിലോ നെല്ലിന് 35 രൂപയെങ്കിലും കിട്ടിയാലെ കർഷകന് നില നിൽപ്പുണ്ടാകൂ. പാട്ട ക‍‍ർഷകരെ സംബന്ധിച്ച് ഒരേക്കറിന് മിനിമം ഒരു ക്വിന്‍റലെങ്കിലും നെല്ല് കിട്ടിയാലേ എന്തെങ്കിലും ലാഭമുണ്ടാകൂവെന്നാണ് കർഷകർ പറയുന്നത്.

ഉപ്പുവെള്ളം കേറി കൃഷി മുഴുവൻ നശിച്ചിട്ടും 5 പൈസ പോലും സർക്കാരിൽ നിന്ന് സഹായം ലഭിച്ചില്ലെന്നും കർഷകർ പറയുന്നു. മഴയും വെള്ളപ്പൊക്കുവുമൊക്കെ നെൽകൃഷി നഷ്ടത്തിലാക്കി. ഇതിന് പുറമേ നെല്ല് സംഭരിച്ച പണമടക്കം സമയത്ത് കിട്ടുന്നില്ല. ഞങ്ങൾക്ക് കൃഷി മാത്രമാണ് ആശ്രയം. അതുകൊണ്ടാണ് നഷ്ടമാണെങ്കിലും കൃഷി ചെയ്യുന്നത്. നെല്ലിന്‍റെ പൈസ വൈകുന്നതിനാൽ ദൈനംദിന ജീവിതത്തിന് ചെലവുകൾ കണ്ടെത്താൻ മറ്റ് ജോലികളും ചെയ്യേണ്ട അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. ഒരേ ഭരണം ആയത് കൊണ്ടാകാം അവർ കർഷകരെ കണ്ടില്ലെന്ന് നടിക്കുന്നത്. ഭരണം മാറി വന്നാൽ ചിലപ്പോൾ തങ്ങളെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന പ്രതീക്ഷയും കർഷകർ ലൗഡ് സ്പീക്കറിനോട് പങ്കുവെച്ചു.

ആലപ്പുഴയിലെ നെൽകർഷകർക്ക് എന്ത് പറയാനുണ്ട്; ജനമനസ്സറിഞ്ഞ് ലൗഡ് സ്പീക്കർ

തെരഞ്ഞെടുപ്പ് അടുത്തതോടെ കർഷക‍ർ പ്രതീക്ഷയായിരുന്നു. വിത്ത് കിട്ടും, വളത്തിന് വിളം കുറയും, നെല്ല് കിട്ടും, നെല്ല് സംഭരണം നടക്കും, കൊടുത്ത നെല്ലിന്‍റെ വില കിട്ടുമെന്നൊക്കെ കരുതി. എന്നാൽ ഇതൊന്നും നടന്നില്ല. അന്നമുണ്ടാക്കുന്നവന് ഒരു കിലോ നെല്ലിന് കിട്ടുന്നത് 28 രൂപ 20 പൈസയാണ്. തേങ്ങ ചെരകി കളഞ്ഞ് അതിന്‍റെ ചെരട്ടക്ക് കിലോയ്ക്ക് 38 രൂപ വിലയുണ്ട്. ഇതാണ് നിലവിൽ കർഷകരുടെ അവസ്ഥ. വരുമാനവും ചെലവും തമ്മിലുള്ള അന്തരം വെച്ച് നോക്കിയാൽ കണക്ക് വെച്ച് തങ്ങൾ അതിദരിദ്രരാണ്. സർക്കാരിന്‍റെ സഹായം കൂടി ഉണ്ടെങ്കിലേ നെൽകർഷക‍ർക്ക് മുന്നോട്ട് പോകാവു എന്നും ക‍ർഷകർ പറഞ്ഞു.