Asianet News MalayalamAsianet News Malayalam

വയനാടിന്‍റെ നെല്ലറ ഇത്തവണ നിറയും, കാലാവസ്ഥയെ അതിജീവിച്ച് ചേകാടിക്കാർ കൃഷി തുടങ്ങി

ഗന്ധകശാല ഉൾപ്പടെയുള്ള സുഗന്ധ നെല്ലിനങ്ങളാണ് കൂടുതൽ പേരും കൃഷിചെയ്യുന്നത്. ലാഭക്കണക്ക് നേക്കി മാത്രമല്ല ചേകാടിക്കാർ മണ്ണിലിറങ്ങുന്നത്.

paddy cultivation in Chekadi Wayanad
Author
Kalpetta, First Published Aug 18, 2022, 11:33 AM IST

കൽപ്പറ്റ : ഗോത്ര സമൂഹം തിങ്ങിപാർക്കുന്ന അതിർവരമ്പുകളില്ലാത്ത മനോഹരമായ കാർഷിക ഗ്രാമമാണ് വയാനാട്ടിലെ ചേകാടി. കർണ്ണാടകയുടെ അതിർത്തിയോട് ചേർന്ന ഈ വനഗ്രാമത്തിൽ ഇത് നാട്ടിയുടെ കാലമാണ്. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലാണ് ഇത്തവണയും ചേകാടിക്കാർ കൃഷിയിറക്കുന്നത്.

വയനാടിന്‍റെ നെല്ലറയെന്നാണ് ചേകാടി അറിയപ്പെടുന്നത്. തലമുറകൾ കൈമാറി കിട്ടിയി കാർഷിക പെരുമ കൈവിടാത്തവർ. കാലം തെറ്റിയെത്തിയ കാലാവസ്ഥയെ അതീജീവിച്ചാണ് ഇത്തവണ ഇവർ കൃഷിയിറക്കുന്നത്. ഗോത്ര വിഭാഗങ്ങളും ചെട്ടി സമുദായത്തിൽ പെട്ടവരുമാണ് കൃഷിക്കാരിൽ ഭൂരിഭാഗവും. 

paddy cultivation in Chekadi Wayanad

കബനി നദിതീരത്തോട് ചേർന്ന വനമേഖലയിലാണ് ചേകാടി എന്ന ഈ കാർ‍ഷിക ഗ്രാമം. 250 ഏക്കറോളം വിസ്തൃതിയിൽ നെൽ പാടം ഉണ്ട് ഇവിടെ. മഴ വീണ് തെളിഞ്ഞ വയലുകൾ നെൽകൃഷിക്ക് ഇപ്പോൾ പാകമായി. പച്ചപരവതാനി വിരിച്ച പോലെ ഞാറുകളാണ് പാടം നിറയെ. നിലമൊരുക്കി വരമ്പുവെക്കലാണ് ആദ്യ ഘട്ടം. അതു കഴിഞ്ഞാൽ പിന്നെ ഞാറുപറിക്കും. അതിനും ഒരു താളമുണ്ട്. പറിച്ചു കെട്ടിയ ഞാറുകൾ വയലുകളിൽ എത്തും. പിന്നെ ഞാറുനടീലാണ്.  

paddy cultivation in Chekadi Wayanad

കൂട്ടായ്മയുടെ നിറമുള്ള കാഴ്ചയാണ് ചേകാടിയിലെ കൃഷിയുടെ ഭംഗി. യന്ത്രസഹായത്തോടെ ഞാറുനടുന്നവരും ഉണ്ട്. എങ്കിലും പഴമക്കാർക്ക് കൈനാട്ടി തന്നെ പ്രിയം. ഗന്ധകശാല ഉൾപ്പടെയുള്ള സുഗന്ധ നെല്ലിനങ്ങളാണ് കൂടുതൽ പേരും കൃഷിചെയ്യുന്നത്. ലാഭക്കണക്ക് നേക്കി മാത്രമല്ല ചേകാടിക്കാർ മണ്ണിലിറങ്ങുന്നത്. കാലവർഷത്തിൽ നെൽകൃഷിക്ക് അനുയോജ്യമായ മഴ ചേകാടിയിൽ പെയ്തു. ഇത്തവണ പൊന്നുവിളയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

paddy cultivation in Chekadi Wayanad

Follow Us:
Download App:
  • android
  • ios