മാന്നാർ: അപ്രതീക്ഷിതമായി പെയ്ത മഴ പാടശേഖരങ്ങളെ വെള്ളക്കെട്ടാക്കിയതോടെ വെള്ളം തേകിയും, ചക്രം ചവിട്ടിയും തങ്ങളുടെ പാടങ്ങളിലെ നെൽകൃഷി രക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ് ആലപ്പുഴയിലെ കർഷകർ. ചെന്നിത്തല, മാന്നാർ പ്രദേശത്തെ വെള്ളം കയറിയ  പാടശേഖരങ്ങളിൽ വിത കിളിർക്കാതിരുന്നത് കർഷകരെ കണ്ണിരിലാഴ്ത്തി. 

അപ്രതീക്ഷിതമായി ഉണ്ടായ മടവീഴ്ചയിൽ വിത കഴിഞ്ഞ പാടങ്ങളിലെ നെൽച്ചെടികൾ പൂർണമായി വെള്ളത്തിനടിയിലായിരിക്കുകയാണ്. പെട്ടിയും പറയും സൗകര്യമുള്ള പാടശേഖരങ്ങളിൽ കര്‍ഷകര്‍ എളുപ്പത്തിൽ വെള്ളം വറ്റിക്കുകയും കിളിർക്കാത്ത വിതയ്ക്കു പകരമായി പുതിയവ വിതയ്ക്കുകയും ചെയ്തു.  ഇതിനൊന്നും സൗകര്യമില്ലാത്ത പാടശേഖരങ്ങളിൽ വെള്ളക്കട്ടില്‍ നിന്നും നെൽകൃഷിയെ രക്ഷപ്പെടുത്താൽ ബുദ്ധിമുട്ടുകയാണ് കർഷകർ.

വീടുകളിലെ മച്ചിൽ സൂക്ഷിച്ചിരുന്ന തേപ്പു കൊട്ടയും ചരടും ഉപയോഗിച്ച്   രണ്ടു പേരുടെ സഹായത്തോട പാടത്തെ വെള്ളം വറ്റിച്ച് നെൽകൃഷിയെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലാണ് കര്‍ഷഷകര്‍. ചിലയിടത്തു ചക്രംചവിട്ടിയും പാടത്തു നിന്നും വെളളം പുറത്തേക്കു വിടുന്നുണ്ട്.